ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാൻ മല്‍ഹോത്ര,  വേദാന്ത് ത്രിവേദി എന്നിവരുടെ വിക്കറ്റുകളാണ് പവര്‍ പ്ലേയില്‍ ഇന്ത്യക്ക് നഷ്ടമായത്.

അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 348 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ കനിഷ്ക് ചൗഹാനും ഒരു റണ്ണുമായി അഭിഗ്യാന്‍ കുണ്ടുവും ക്രീസില്‍.

ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാൻ മല്‍ഹോത്ര, വേദാന്ത് ത്രിവേദി എന്നിവരുടെ വിക്കറ്റുകളാണ് പവര്‍ പ്ലേയില്‍ ഇന്ത്യക്ക് നഷ്ടമായത്. അലി റാസ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് വൈഭവ് സൂര്യവന്‍ഷി തുടങ്ങിയത്. ആദ്യ ഓവറില്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും 18 റണ്‍സടിച്ച ഇന്ത്യ തകര്‍പ്പന്‍ തുടക്കമിട്ടു. മുഹമ്മദ് സയ്യം എറിഞ്ഞ രണ്ടാം ഓവറിലും സിക്സ് പറത്തിയ വൈഭവിനെ പിന്നാലെ അലി റാസ കൈവിട്ടു. എന്നാല്‍ അലി റാസ എറിഞ്ഞ മൂന്നാം ഓവറിൽ ഇന്ത്യക്ക് ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത ആയുഷ് മാത്രെയെ അലി റാസയുടെ പന്തില്‍ ഫര്‍ഹാന്‍ യൂസഫ് ക്യാച്ചെടുത്ത് മടക്കി.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ മലയാളി താരം ആരോണ്‍ ജോര്‍ജ് മുഹമ്മദ് സയ്യമിനെതിരെ മൂന്ന് ബൗണ്ടറികള്‍ അടിച്ച് വെടിക്കെട്ട് തുടക്കമിട്ടെങ്കിലും അവസാന പന്തില്‍ പുറത്തായി. 9 പന്തില്‍ 16 റണ്‍സായിരുന്നു ആരോണ്‍ ജോര്‍ജിന്‍റെ സംഭാവന. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വൈഭവ് സൂര്യവന്‍ഷിതെ(10 പന്തില്‍ 26) അലി റാസ മടക്കിയതോടെ ഇന്ത്യ ഞെട്ടി. മൂന്ന് സിക്സും ഒരു ഫോറും അടക്കമാണ് വൈഭവ് 26 റണ്‍സെടുത്തത്. പിന്നാലെ വിഹാല്‍ മല്‍ഹോത്രയെ(7) അബ്ദുള്‍ സുഹ്‌ഹാന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ 59-4 എന്ന നിലയില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലായി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ വേദാന്ത് ത്രിവേദിയുടെ(9) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 113 പന്തില്‍ 172 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ ബാറ്റിംഗ് കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. 44ാം ഓവറില്‍ 307-4 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാന് സമീര്‍ മിന്‍ഹാസിന്‍റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കൂട്ടത്തകര്‍ച്ച നേരിട്ടു. മിന്‍ഹാസിനെ മടക്കിയതിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ ഒരു ഘടത്തില്‍ 375 കടക്കുമെന്ന് കരുതിയ പാകിസ്ഥാന്‍ സ്കോര്‍ 350ല്‍ ഒതുക്കി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖിലന്‍ പട്ടേലും ഹെനില്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക