മന്ഥാന തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 21 പന്തുകളാണ് താരം നേരിട്ടത്. ഒടുവില്‍ ആറാം ഓവറില്‍ മടങ്ങുകയും ചെയ്തു. ജേസ് കേറിന്റെ പന്തില്‍ സൂസി ബെയ്റ്റ്‌സിന് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ദീപ്തി പത്താം ഓവറിന്റെ അവസാന പന്തില്‍ പവലിയനില്‍ തിരിച്ചെത്തി.

ഹാമില്‍ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ച. 20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 50 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. സ്മൃതി മന്ഥാന (6), ദീപത് ശര്‍മ (5), യഷ്ടിക ഭാട്ടിയ (28) എന്നിവരാണ് മടങ്ങിയത്. ഹര്‍മന്‍പ്രീത് കൗര്‍ (0), ക്യാപ്റ്റന്‍ മിതാലി രാജ് (7) എന്നിവരാണ് ക്രീസില്‍.

മന്ഥാന തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 21 പന്തുകളാണ് താരം നേരിട്ടത്. ഒടുവില്‍ ആറാം ഓവറില്‍ മടങ്ങുകയും ചെയ്തു. ജേസ് കേറിന്റെ പന്തില്‍ സൂസി ബെയ്റ്റ്‌സിന് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ദീപ്തി പത്താം ഓവറിന്റെ അവസാന പന്തില്‍ പവലിയനില്‍ തിരിച്ചെത്തി. ലിയ തഹൂഹിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഭാട്ടിയയും തഹൂഹുവിന് വിക്കറ്റ് നല്‍കി. 

മിതാലി- ഭാട്ടിയ സഖ്യത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിര തകരാതെ മിതാലി നോക്കുമെന്നാണ് കരുതുന്നത്. ഹര്‍മന്‍പ്രീത് കൗര്‍, റിച്ചാ ഘോഷ്, സ്‌നേഹ് റാണ, പൂജ വസ്ത്രകര്‍ എന്നിവര്‍ വരാനുണ്ടെന്നുള്ളതും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. നേരത്തെ പൂജയുടെ നാല് വിക്കറ്റ് നേട്ടമാണ് ആതിഥേയരെ നിയന്ത്രിച്ചുനിര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. രാജേശ്വരി ഗെയ്കവാദിന് (Rajeshwari Gayakwad) രണ്ട് വിക്കറ്റുണ്ട്.

മൂന്നാം ഓവറില്‍ തന്നെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. സൂസി ബെയ്റ്റ്‌സ് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന കേര്‍- സോഫി ഡിവൈന്‍ സഖ്യമാണ് ന്യൂസിലന്‍ഡിനെ ഉണര്‍ത്തിയത്. 35 റണ്‍സെടുത്ത ഡിവൈനെ പുറത്താക്കി വസ്ത്രകര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 

എന്നാല്‍ കിവീസിന് വലിയ ആശ്വാസമായത് കേര്‍- സാറ്റേര്‍വൈറ്റ് കൂട്ടുകെട്ടാണ്. ഇരുവരും 117 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ കേര്‍ മടങ്ങി. ഗെയ്കവാദിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയവരില്‍ മാഡ്രി ഗ്രീന്‍ (27), കാറ്റി എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഹെയ്‌ലി ജെന്‍സന്‍ (1), തഹുഹു (1), കേര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. 

ഫ്രാന്‍സസ് മകായ് (13), ഹന്ന റോവ് (2) എന്നിവര്‍ പുറത്താവാതെ നിന്നു. രാജേശ്വരി, വസ്ത്രകര്‍ എന്നിവര്‍ക്ക് പുറമെ ജുലന്‍ ഗോസ്വാമി, ദീപ്തി ശര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മിതാലിയും സംഘവും പാകിസ്ഥാനെ തകര്‍ത്തിരുന്നു. ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോറ്റു. ലോകകപ്പിന് മുമ്പുള്ള ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ 4-1ന് പരമ്പര തോറ്റിരുന്നു.