ഇത്രയധികം ഹൈപ്പ് താരത്തിന് നല്‍കേണ്ടതില്ലെന്നും സമീപകാലത്തെ മോശം പ്രകടനം ചൂണ്ടിക്കാട്ടി രവി ശാസ്‌ത്രി

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യക്കെതിരായ കനത്ത തോല്‍വിയില്‍ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി. ഷഹീന്‍ അഫ്രീദി ഒരു വസീം അക്രം അല്ലെന്നും ഇത്രയധികം ഹൈപ്പ് താരത്തിന് നല്‍കേണ്ടതില്ലെന്നും സമീപകാലത്തെ മോശം പ്രകടനം ചൂണ്ടിക്കാട്ടി മത്സരത്തിലെ കമന്‍റേറ്ററായിരുന്ന ശാസ്‌ത്രി പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ അക്രവുമായി ഷഹീനെ താരതമ്യം ചെയ്യുന്നതിനെയാണ് ശാസ്‌ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. 

'ഷഹീന്‍ ഷാ അഫ്രീദി മികച്ച ബൗളറാണ്. ന്യൂബോളില്‍ അയാള്‍ക്ക് വിക്കറ്റ് വീഴ്‌ത്താനാകും. പാകിസ്ഥാനായി പേസര്‍ നസീം ഷാ കളിക്കുന്നില്ല, പാകിസ്ഥാന്‍ സ്‌പിന്‍ ബൗളിംഗിന്‍റെ അവസ്ഥയിതാണ്. ഷഹീന്‍ അഫ്രീദി, വസീം അക്രമല്ല. ഷഹീന്‍ നല്ല ബൗളറാണ് എങ്കിലും ഇത്രയധികം ഹൈപ്പ് നല്‍കേണ്ട കാര്യമില്ല. ഒരാള്‍ നല്ല ബൗളറാണ് എങ്കില്‍ മികച്ച താരം എന്ന ലേബല്‍ നല്‍കിയാല്‍ മതിയാകും. അയാളൊരു മഹാനായ താരമല്ല. ഇത് നമ്മള്‍ അംഗീകരിക്കേണ്ട വസ്‌തുതയാണ്' എന്നും ശാസ്‌ത്രി പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോല്‍വി വഴങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി ആറ് ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 

ഏകദിന ലോകകപ്പില്‍ അഹമ്മദാബാദിലെ വിജയത്തോടെ പാകിസ്ഥാനെതിരെ ടീം ഇന്ത്യ തുടര്‍ച്ചയായ എട്ടാം ജയമാണ് സ്വന്തമാക്കിയത്. ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു (50) പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ 49 നേടി. മറുപടി ബാറ്റിംഗില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (63 പന്തില്‍ 86), ശ്രേയസ് അയ്യരും (62 പന്തില്‍ 53*) ചേര്‍ന്ന് 30.3 ഓവറില്‍ ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍ (29 പന്തില്‍ 19*) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു. 

Read more: ഹാരിസ് റൗഫിനെ സിക്സടിച്ചതിന് പിന്നാലെ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അമ്പയർ, കാണാം ഹിറ്റ്‌മാന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം