മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ, യുവ ഇന്ത്യൻ ക്രിക്കറ്റർ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി. ഭാവിയിൽ സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോലിയെയും മറികടക്കുന്ന താരമായി സൂര്യവംശി മാറുമെന്നും, എന്നാൽ അദ്ദേഹത്തിന്റെ കരിയർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു.

കേപ്ടൗണ്‍: വൈഭവ് സൂര്യവംശി ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാളും വിരാട് കോലിയെക്കാളും വലിയ വിജയങ്ങള്‍ കൈവരിക്കുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സൂര്യവംശിയെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിധി എന്ന് വിശേഷിപ്പിച്ച സ്റ്റെയ്ന്‍, താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രതിഭാധനനായ കളിക്കാരില്‍ ഒരാളാണ് ഈ 15-കാരനെന്നും കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സൂര്യവംശി നടത്തിയ അവിശ്വസനീയമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സ്റ്റെയ്‌ന്റെ ഈ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സീസണില്‍ 776 റണ്‍സ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഈ ഇടങ്കയ്യന്‍ ബാറ്റര്‍, വരാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമിലും ഇടം നേടിയിരുന്നു. സൂര്യവംശിയുടെ പ്രായത്തിലുള്ള മറ്റ് കളിക്കാരില്‍ താന്‍ ഇന്നേവരെ കാണാത്ത സവിശേഷമായ കഴിവാണ് ഈ താരം പുറത്തെടുക്കുന്നതെന്ന് സ്റ്റെയ്ന്‍ പറഞ്ഞു. ''നമ്മള്‍ സച്ചിനെക്കുറിച്ചും കോലിയെ കുറിച്ചും ചിന്തിക്കാറുണ്ട്, എന്നാല്‍ വൈഭവ് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ അവര്‍ രണ്ടുപേരെക്കാളും വലിയ താരമായി മാറും.'' സ്റ്റെയ്ന്‍ പ്രവചിച്ചു.

അദ്ദേഹം തുടര്‍ന്നു... ''ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ 14-15 വയസ്സുള്ള ഇത്തരമൊരു അത്ഭുതബാലന്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ സ്‌കൂള്‍ ക്രിക്കറ്റിലും അണ്ടര്‍ 15, അണ്ടര്‍ 19 തലങ്ങളിലും അസാധ്യ പ്രതിഭകളായ ഒട്ടനവധി കളിക്കാര്‍ വളര്‍ന്നുവരുന്നുണ്ട്. എങ്കിലും വൈഭവ് സൂര്യവംശിയുടെ തലം മറ്റൊന്നാണ്. നിലവിലുള്ള പല അന്താരാഷ്ട്ര കളിക്കാരെക്കാളും മികച്ച രീതിയിലാണ് അവന്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. അവന്‍ ഒരു യഥാര്‍ത്ഥ അത്ഭുതബാലനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിധിയുമാണ്.'' സ്‌റ്റെയ്ന്‍ കൂട്ടിചേര്‍ത്തു.

അതേസമയം, ഈ കൗമാരതാരത്തിന്റെ കരിയര്‍ വളര്‍ച്ച വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സ്റ്റെയ്ന്‍ മുന്നറിയിപ്പ് നല്‍കി. ''അവനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ വലിയ ശ്രദ്ധ വേണം. വലിയ ഉത്തരവാദിത്തങ്ങള്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവരുമെങ്കിലും, ശരിയായ രീതിയില്‍ നയിച്ചില്ലെങ്കില്‍ വഴിമധ്യേ അത്തരം പ്രതിഭകളെ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.'' സ്റ്റെയ്ന്‍ ഓര്‍മ്മിപ്പിച്ചു. സൂര്യവംശിയുടെ ക്ലീന്‍ ഹിറ്റിംഗ് മികവാണ് അവനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് 42-കാരനായ സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടി. ബാറ്റിംഗിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകളിലെ സാഹചര്യം അവന്‍ നന്നായി വിനിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

YouTube video player