ചെറിയൊരു സര്‍പ്രൈസ് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റെയ്‌ന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഈ മാസം 10-ാം തിയതി അനുവദിച്ചിരിക്കുന്ന ഇന്ത്യന്‍ വിസയാണ് ചിത്രത്തില്‍. 

ബെംഗളൂരു: ഐപിഎല്‍ 12-ാം എഡിഷനില്‍ തോറ്റമ്പുന്ന റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിനെ രക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എത്തുമോ...ഐപിഎല്‍ ചര്‍ച്ചകളിലെ ചൂടന്‍ വിഷയം ഇപ്പോള്‍ ഇതാണ്. ചെറിയൊരു സര്‍പ്രൈസ് എന്ന തലക്കെട്ടോടെ സ്റ്റെയ്‌ന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഈ മാസം 10-ാം തിയതി അനുവദിച്ചിരിക്കുന്ന ഇന്ത്യന്‍ വിസയാണ് ചിത്രത്തില്‍. 

ഇന്ത്യയിലേക്ക് വരാനുള്ള കാരണമായി ചേര്‍ത്തിരിക്കുന്ന വരിയാണ് കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നത്. 'ടു പ്ലേ...'എന്ന് വ്യക്തമാണെങ്കിലും ഈ വരിയിലെ മറ്റ് വാക്കുകള്‍ മറച്ചിരിക്കുകയാണ്. വരിയിലെ അവസാന വാക്ക് ഇ(E) ആണെന്നതും ആരാധകരെ ത്രസിപ്പിക്കുന്നു. ഐപിഎല്ലില്‍ 'ഇ'യില്‍ അവസാനിക്കുന്ന പേരുള്ള ഏക ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. അതിനാല്‍ സ്റ്റെയ്‌ന്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് തന്നെയാണ് എന്നാണ് ആരാധകപക്ഷം. 

ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ സ്റ്റെയ്‌നെ സ്വന്തമാക്കാന്‍ ടീമുകളുണ്ടായിരുന്നില്ല. ഗുജറാത്ത് ലയണ്‍സിനായി 2016ലാണ് അവസാനമായി സ്റ്റെയ്‌ന്‍ ഐപിഎല്‍ കളിച്ചത്. 2017, 18 സീസണുകള്‍ പരുക്കിനെ തുടര്‍ന്ന് താരത്തിന് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ 90 മത്സരങ്ങളില്‍ 92 വിക്കറ്റ് സ്റ്റെയ്‌ന്‍ നേടിയിട്ടുണ്ട്. ബാംഗ്ലൂരിന്‍റെ ഓസ്‌ട്രേലിയന്‍ താരം കോള്‍ട്ടര്‍ നൈല്‍ ഉടന്‍ ടീമിനൊപ്പം ചേരും എന്ന വാര്‍ത്തകള്‍ക്കിടെയാണ് സ്റ്റെയ്‌നെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നത്.