കിംഗ്സ്റ്റണ്‍: കറുത്ത വര്‍ഗക്കാരായ താരങ്ങളുടെ നേട്ടങ്ങള്‍ നിയന്ത്രിക്കാനാണ് ഐസിസി ബൗണ്‍സറുകള്‍ നിയന്ത്രിച്ചതെന്ന് മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി. ഇതാദ്യമായല്ല ക്രിക്കറ്റിലെ വംശീയാധിക്ഷേപത്തക്കുറിച്ച് സമി രംഗത്തു വരുന്നത്. നേരത്തേ ഐപിഎല്ലില്‍ കളിക്കുന്നതിനിടെ ടീമംഗങ്ങളില്‍ നിന്നു പോലും തനിക്കു വംശീയാധിക്ഷേപം നേരിട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മുന്‍കാലങ്ങളിലെ സംഭവങ്ങളാണ് അദ്ദേഹം ഈ വാദത്തോട് ബന്ധപ്പെടുത്തിയിരിക്കുന്നത്. സമി തുടര്‍ന്നു... ''ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി തുടങ്ങിയ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരെ നോക്കൂ. അതിവേഗം ബൗള്‍ ചെയ്ത് എതിര്‍ ടീമിലെ കളിക്കാര്‍ക്കു പരിക്കേല്‍പ്പിക്കുകയും നേട്ടം കൊയ്യുകയും ചെയ്തവരാണ് ഇവരുള്‍പ്പെടെയുള്ള മുന്‍ പേസര്‍മാര്‍. ഇവര്‍ എറിയുന്ന സമയത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നു. 

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള പേസര്‍മാര്‍ ഇതാവര്‍ത്തിച്ചപ്പോള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി ബൗണ്‍സര്‍ നിയമം കൊണ്ടുവന്നു. കറുത്ത വര്‍ഗക്കാരുടെ ടീം മികച്ച ഫാസ്റ്റ് ബൗളിങിലൂടെ ലോക ക്രിക്കറ്റിലെ ശക്തികളായി മാറവെയാണ് ബൗണ്‍സര്‍ നിയമമുള്‍പ്പെടെയുള്ള പലതും വരുന്നത്. ഇവരുള്‍പ്പെട്ട് ടീമിന്റെ നേട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നിയമം.'' അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്റെ വാദം ചിലപ്പോല്‍ തെറ്റായിരിക്കാമെന്നും സമി കൂട്ടിച്ചേര്‍ത്തു.