മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ മകൾ കുഞ്ഞു സിവയുടെ രസകരമായ വീഡിയോകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസം ധോണിയെ വാഹനം കഴുകാൻ സഹായികുന്ന സിവയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. അത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോള്‍ പ്രചരിക്കുന്നത്.

ധോണിയുടെ തോളുകൾ മസാജ് ചെയ്തു കൊടുക്കുകയും പുറകിൽനിന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് താടിയിൽ പതിയെ തലോടി അച്ഛനും മകളും കണ്ണടച്ചിരുന്ന് ആടുകയും ചെയ്യുന്നതാണ് പുതിയ വീഡിയോ. അനുസരണയുള്ള ഒരു കുട്ടിയെ പോലെ സിവയ്ക്കായി ഇരുന്നു കൊടുക്കുന്ന ധോണിയെ വീഡിയോയിൽ കാണാം. കുഞ്ഞുസിവയുടെ ഓമനത്തമുള്ള ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നാല് ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on Oct 24, 2019 at 5:19am PDT

മകളുടെ രസകരമായ വീഡിയോകൾ ധോണിയുടെ ഭാര്യ സാക്ഷി സിം​ഗാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. സിവയ്ക്ക് രണ്ടുവയസ്സാകുന്നത് വരെ ധോണിയും ഭാര്യ സാക്ഷിയും അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു കുസൃതി നിറഞ്ഞ സിവയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാറുള്ളത്. 2017ൽ കുഞ്ഞു സിവ സ്വന്തമായൊരു ഇൻസ്റ്റ​ഗ്രാം പേജ് തന്നെ ആരംഭിച്ചു. സാക്ഷിയും ധോണിയും തന്നെയാണ് അക്കൗണ്ടിന് പുറകിൽ.

ചപ്പാത്തി പരത്തുന്നതും ധോണിയെ പഠിപ്പിക്കുന്നതും അദ്ദേഹം മൈതാനത്തിലിറങ്ങുമ്പോൾ ആർപ്പു വിളിക്കുന്നതും ഋഷഭ് പന്തിനൊപ്പം കളിക്കുന്നതുമെല്ലാം പലപ്പോഴായി ധോണിയും സാക്ഷിയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുവയസ്സുള്ളപ്പോൾ സിവ മലയാളത്തിൽ പാട്ടുകൾ പാടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. 'കണികാണും നേരം', 'അമ്പപ്പുഴ ഉണ്ണിക്കണ്ണനോട്' തുടങ്ങിയ ഹിറ്റ് മലയാള ​ഗാനങ്ങളായിരുന്നു സിവ പാടി തകർത്തത്.