പാകിസ്ഥാന്‍ ഓപ്പണര്‍ ആബിദ് അലി, ന്യുസീലന്‍ഡ് ബൗളര്‍ ടിം സൗത്തി എന്നിവരെ പിന്തള്ളിയാണ് വാര്‍ണറിന്‍റെ നേട്ടം.വാര്‍ണര്‍ ആദ്യമായാണ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്.

ദുബായ്: ഐസിസിയുടെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം(ICC Player of the Month) ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(David Warner) സ്വന്തമാക്കി. ട്വന്‍റി 20 ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ച മികവിനാണ് അംഗീകാരം. ലോകകപ്പിലെ മികച്ച താരമായും വാര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ ഓപ്പണര്‍ ആബിദ് അലി, ന്യുസീലന്‍ഡ് ബൗളര്‍ ടിം സൗത്തി എന്നിവരെ പിന്തള്ളിയാണ് വാര്‍ണറിന്‍റെ നേട്ടം. വാര്‍ണര്‍ ആദ്യമായാണ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. ലോകകപ്പിന് മുമ്പ് നടന്ന ഐപിഎല്ലില്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നു തന്നെ പുറത്തായ വാര്‍ണര്‍ ടി20 ലോകകപ്പില്‍ 48.16 ശരാശരിയില്‍ 289 റണ്‍സടിച്ചു കൂട്ടായിണ് ടൂര്‍ണമെന്‍റിന്‍റെ താരമായത്.

Scroll to load tweet…

ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ അര്‍ധസെഞ്ചുറിയും പാക്കിസ്ഥാനെതിരായ സെമി ഫൈനലില്‍ 49 റണ്‍സും അടിച്ചും വാര്‍ണര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു.സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 89 റണ്‍സടിച്ച വാര്‍ണര്‍ കളിയിലെ താരമാകുകയും ചെയ്തു.

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്‍ലി മാത്യൂസ്(Hayley Matthews) ആണ് മികച്ച വനിതാ താരം. പാക്കിസ്ഥാന്‍റെ ആനം അമീന്‍, ബംഗ്ലാദേശിന്‍റെ നാഹിദ അക്തര്‍ എന്നിവരെ പിന്തള്ളിയാണ് ഹെയ്ലിയുടെ നേട്ടം. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലും വനിതാ ലോകകപ്പ് യോഗ്യതാ മത്സരത്തിലുമായി നാലു കളികളില്‍ 141 റണ്‍സും ഒമ്പത് വിക്കറ്റും വീഴ്ത്തിയ ഓള്‍ റൗണ്ട് പ്രകടനമാണ് ഹെയ്‌ലിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. ജനുവരിയിലാണ് ഐസിസി ഓരോ മാസത്തെയും മികച്ച താരത്തിനുള്ള പുരസ്കാരം നൽകിത്തുടങ്ങിയത്.