കാന്‍ബറ: കൊവിഡ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്‌ട്രേലിന്‍ ഓപ്പണ്‍ ഡേവിഡ് വാര്‍ണര്‍. തല മുണ്ഡനം ചെയ്തുകൊണ്ടാണ് വാര്‍ണര്‍ ആരോഗ്യ പ്രവര്‍ത്തകരോടുള്ള പിന്തുണ അറിയിച്ചത്. ചെയ്യുക മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളോട് ഇത്തരത്തില്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരോടുള്ള ബഹുമാനാര്‍ഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. അതിന്റെ ഭാഗമായിട്ടാണ് വാര്‍ണറും ഇത് ഏറ്റെടുത്തത്. കോലിക്കു പുറമെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമിന്‍സ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് തുടങ്ങിയവരോടും വെല്ലുവിളി ഏറ്റെടുക്കാന്‍ വാര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താരം ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു... ''കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലുള്ള ആരോഗ്യപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്യുന്നു. അരങ്ങേറ്റ മത്സരത്തിന്റെ സമയത്താണ് ഒടുവില്‍ തല മുണ്ഡനം ചെയ്തതെന്നാണ് ഓര്‍മ. നിങ്ങളുടെ അഭിപ്രായം പറയുക.'' ഇതായിരുന്നു വാര്‍ണറുടെ കുറിപ്പ്. വീഡിയോ കാണാം.