Asianet News MalayalamAsianet News Malayalam

വഞ്ചകന്‍ വാര്‍ണര്‍ക്ക് എന്തിന് രാജകീയ യാത്രയപ്പ് നല്‍കണം? ഓര്‍മ്മയില്ലേ പന്ത് ചുരണ്ടല്‍; തുറന്നടിച്ച് മിച്ചല്‍

വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍ എന്നും മിച്ചല്‍ ജോണ്‍സണ്‍

David Warner not deserve hero send off from test cricket slams Mitchell Johnson
Author
First Published Dec 3, 2023, 11:54 AM IST

പെര്‍ത്ത്: പാകിസ്ഥാനെതിരെ ഈ മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ വെള്ളക്കുപ്പായത്തില്‍ നിന്ന് വിരമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്‍കി യാത്രയാക്കേണ്ടതില്ല എന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍ എന്നും മുന്‍ സഹതാരം മിച്ചല്‍ ജോണ്‍സണ്‍ തുറന്നടിച്ചു. 

'നമ്മള്‍ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സീരിസിനായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാര്‍ണര്‍ക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റില്‍ പ്രയാസപ്പെടുന്ന ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തിയതി പ്രഖ്യാപിക്കണം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നല്‍കണം' എന്നും മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചു. 2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വാര്‍ണറുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ജോണ്‍സന്‍റെ രൂക്ഷ വിമര്‍ശനം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 മാസത്തേക്ക് വിലക്കിയിരുന്നു. 

ഓസീസും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ മത്സരത്തിനുള്ള 14 അംഗ സ്‌ക്വാഡിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചപ്പോള്‍ ഡേവിഡ് വാര്‍ണറുടെ പേരുണ്ട്. ഉസ്‌മാന്‍ ഖവാജയ്ക്കൊപ്പം ഫോമിലല്ലെങ്കിലും വാര്‍ണര്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും എന്നാണ് കരുതുന്നത്. പെര്‍ത്തില്‍ ഡിസംബര്‍ 14ന് ആദ്യ ടെസ്റ്റും മെല്‍ബണില്‍ ഡിസംബര്‍ 26ന് രണ്ടാം മത്സരവും സിഡ‍്നിയില്‍ 2024 ജനുവരി 3ന് അവസാന ടെസ്റ്റും തുടങ്ങും. സിഡ്‌നിയിലെ മത്സരത്തോടെ വാര്‍ണര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാനാണ് സാധ്യത. ടെസ്റ്റില്‍ 109 കളികളില്‍ 25 സെഞ്ചുറികളോടെ 44.43 ശരാശരിയില്‍ 8487 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്.

Read more: പാകിസ്ഥാന്‍ നിന്നനില്‍പില്‍ വിയര്‍ക്കും; ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, വന്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios