മെല്‍ബണ്‍: ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സൂചന നല്‍കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കണോയെന്ന് വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു. കൊവിഡ് വ്യാപനം ഉണ്ടാക്കിയ ഇടവേളയാണ് വാര്‍ണറെ ക്രിക്കറ്റ് കരിയറിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 

കുടുംബത്തെ കുറിച്ചോര്‍ത്ത് വിരമിക്കലിനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''മൂന്ന് കുട്ടികളും ഭാര്യയും എന്റെ ക്രിക്കറ്റ് കരിയറില്‍ പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. കുടുംബത്തിന് മുഖ്യ പരിഗണന നല്‍കുന്നു. ഇത്തരമൊരു അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുന്ന സാഹചാര്യത്തില്‍ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. 

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നാട്ടിലായിരുന്നെങ്കില്‍ കളിക്കാനും ജയിക്കാനും കൂടുതല്‍ സൗകര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേദി ഇവിടെ നിന്ന് മാറ്റിയിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന കളിക്കണോയെന്ന് വീണ്ടും ആലോചിക്കേണ്ട കാര്യമാണ്.

എങ്ങോട്ടെങ്കിലും പോവുകയാണെങ്കില്‍ കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമാണ് കാര്യങ്ങള്‍. നാട്ടില്‍ നടക്കുന്ന ലോകകപ്പോടെ വിരമിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.'' ഓസീസ് താരം വ്യക്തമാക്കി. ഐപിഎലില്‍ ഒരിക്കല്‍കൂടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിക്കുന്നമെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.