ഈ വര്‍ഷത്തെ ടി20 ലോകകപ്പിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും ബാവുമയായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുകയെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളുടെ നായകനായി ടെംബാ ബാവുമയെയും ടെസ്റ്റ് ടീം നായകനായി ഡീല്‍ എല്‍ഗാറിനെയും തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഏകദിന, ടി20 ടീമുകളുടെ നായകനായിരുന്ന ക്വിന്‍റണ്‍ ഡീ കോക്കിന് പകരമാണ് ബാവുമ നായകനായി എത്തുന്നത്.

ഈ വര്‍ഷത്തെ ടി20 ലോകകപ്പിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും ബാവുമയായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുകയെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി.

ഫാഫ് ഡൂപ്ലെസി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ഡീ കോക്കിനെ ടെസ്റ്റ് ടീമിന്‍റെ താല്‍ക്കാലിക നായകനാക്കിയിരുന്നെങ്കിലും ഡീന്‍ എല്‍ഗാറിനെ സ്ഥിരം നായകനാക്കാന്‍ ദക്ഷിണാഫ്രിക്ക തീരുമാനിക്കുകയായിരുന്നു. അടുത്ത ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരെ എല്‍ഗാര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കും.

ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്ന് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ബാവുമ പ്രതികരിച്ചു.