നാഗ്‌പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഹാട്രിക് നേടിയിരുന്നു ഇന്ത്യന്‍ മീഡിയം പേസര്‍ ദീപക് ചഹാര്‍. ബംഗ്ലാ ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍ ഷാഫുള്‍ ഇസ്‌ലാം, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, അമിനുല്‍ ഇസ്‌ലാം എന്നിവരെ പുറത്താക്കിയാണ് ചഹാര്‍ നേട്ടത്തിലെത്തിയത്. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റര്‍ എന്ന നേട്ടത്തിലെത്തി ദീപക് ചഹാര്‍.

എന്നാല്‍ ചഹാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബിസിസിഐയുടെ ട്വീറ്റ് വിവാദത്തിലായി. ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നായിരുന്നു ട്വീറ്റില്‍ ബിസിസിഐ കുറിച്ചിരുന്നത്. എന്നാല്‍ ടി20 ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം മാത്രമാണ് ചഹാര്‍ എന്നും വനിതകളില്‍ ഏക്ത ബിഷ്‌ത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാട്രിക് നേടിയിട്ടുണ്ടെന്നും ആരാധകര്‍ ബിസിസിഐക്ക് മറുപടി നല്‍കി. ബിസിസിഐയുടെ ലിംഗവിവേചനം ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ പ്രതികരണം. 

2012ലെ ഐസിസി വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെയാണ് ബിഷ്‌ത് ഹാട്രിക് നേടിയത്. 16 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അന്ന് ബിഷ്‌തിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. ഏകദിനത്തില്‍ ചേതന്‍ ശര്‍മ്മയും കപില്‍ ദേവും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ഹാട്രിക് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയവരാണ്. 

ദീപക് ചഹാറിന്‍റെ ഹാട്രിക്കും റെക്കോര്‍ഡുകളും

നാഗ്‌പൂരില്‍ ഹാട്രിക് നേടിയതോടെ ചില സുപ്രധാന റെക്കോര്‍ഡുകളും ദീപക് ചഹാര്‍ സ്വന്തമാക്കി. ടി20യില്‍ ഒരു താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചഹാര്‍ ആറ് പേരെ പുറത്താക്കിയത്. സിംബാബ്‌വെക്കെതിരെ എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസിന്‍റെ റെക്കോര്‍ഡാണ് ചഹാര്‍ മറികടന്നത്.