ഓസ്ട്രേലിയയോട് തോറ്റെങ്കിലും ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ള ടീം തന്നെയാണ് ഇപ്പോഴും ഇന്ത്യയുടേത്. എന്നാല്‍ അതത്ര എളുപ്പമാവില്ല.

മുംബൈ: ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വി ലോകകപ്പിനൊരുങ്ങുന്ന വിരാട് കോലിയുടെ ടീം ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് മുന്‍ നായകനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ഓസ്ട്രേലിയയോട് തോല്‍ക്കുന്നതവുരെ ലോകകപ്പില്‍ കളിച്ചാല്‍ തന്നെ നമ്മള്‍ അനാായസം കപ്പെടുക്കുമെന്നൊരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴേറ്റ തോല്‍വി ഒരര്‍ത്ഥത്തില്‍ നല്ലതിനാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയുടെ ഫലം എന്തുതന്നെയായാലും നന്നായി കളിച്ചാല്‍ മാത്രമെ ലോകകപ്പ് നേടാനാവൂ എന്ന തിരിച്ചറിവുണ്ടാക്കാന്‍ സഹായകരമായെന്നം ദ്രാവിഡ് പറഞ്ഞു.

ഓസ്ട്രേലിയയോട് തോറ്റെങ്കിലും ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ള ടീം തന്നെയാണ് ഇപ്പോഴും ഇന്ത്യയുടേത്. എന്നാല്‍ അതത്ര എളുപ്പമാവില്ല. എതിരാളികളില്‍ നിന്ന് കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കണം. ഐപിഎല്ലിലെ ജോലിഭാരം ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളെ വലയ്ക്കുമെന്ന് കരുതുന്നില്ല. ഇപ്പോഴത്തെ കളിക്കാര്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാം.

അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള കളിക്കാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം അനിവാര്യമാണെന്ന് കരതുന്നില്ല. ഓസീസ് താരം പാറ്റ് കമിന്‍സ് പറഞ്ഞത് തുടര്‍ച്ചയായി കളിച്ചപ്പോഴാണ് തന്റെ കായികക്ഷമതയും മികവും കൂടിയത് എന്നാണ്. പക്ഷെ ഇത് എല്ലാ കളിക്കാര്‍ക്കും ഒരുപോലെയാകില്ല. അതുപോലെ എല്ലാ കളിക്കാര്‍ക്കും ഒരുപോലെ വിശ്രമം അനുവദിക്കുന്നതും ശരിയായ നടപടിയാകില്ല. കളിക്കാരെ വിശ്വസിക്കുക എന്നതുമാത്രമെ ഇക്കാര്യത്തില്‍ ചെയ്യാനുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.