Asianet News MalayalamAsianet News Malayalam

വിംബിള്‍ഡണ്‍ മത്സരക്രമമായി; ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്- അല്‍ക്കറാസ് പോരാട്ടം പ്രതീക്ഷിക്കാം

തുടരെ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടമാണ് ജോക്കോവിച്ച് (Novak Djokovic) ലക്ഷ്യമിടുന്നത്. 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറൊണ്ടോളോയെ നേരിടും.

defending champion novak njokovic top seed for wimbledon 
Author
London, First Published Jun 25, 2022, 3:10 PM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ (Wimbledon) മത്സരക്രമം തീരുമാനിച്ചു. മുന്‍നിര താരങ്ങള്‍ക്ക് ആദ്യമത്സരത്തില്‍ കാര്യമായ വെല്ലുവിളിയില്ല. ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ് (Daniil Medvedev), രണ്ടാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരില്ലാതെയാണ് വിംബിള്‍ഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച്, ക്വാര്‍ട്ടറില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കറാസിനെ നേരിടുന്ന രീതിയിലാണ് മത്സരക്രമം.

തുടരെ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടമാണ് ജോക്കോവിച്ച് (Novak Djokovic) ലക്ഷ്യമിടുന്നത്. 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറൊണ്ടോളോയെ നേരിടും. വനിതകളില്‍ തുടരെ 35 ജയവുമായെത്തുന്ന ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക് തന്നെയാണ് ശ്രദ്ധാകേന്ദ്രം. 

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാന്‍സ്ലാം കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്ന മുന്‍ചാംപ്യന്‍ സെറീന വില്യംസ് 113ആം റാങ്കിലുള്ള ഹാര്‍മണി ടാനെ ആദ്യറൗണ്ടില്‍ നേരിടും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സെറീന മത്സരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്‍പതുകാരിയായ സെറീന വ്യക്തമാക്കിയത്. 

പന്ത്രണ്ട് മാസം മുന്‍പ് വിംബിള്‍ഡണിനിടെ പരിക്കേറ്റതിന് ശേഷം സെറീന ഇതുവരെ ഒറ്റ ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല. റാങ്കിംഗില്‍ 1,208ലേക്ക് വീണു. ഏഴ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള സെറീന അവസാനമായി കിരീടമുയര്‍ത്തിയത് 2016ലാണ്. 

 2018ലും 2019ലും ഫൈനലില്‍ തോറ്റു. കഴിഞ്ഞ വര്‍ഷം ആദ്യറൗണ്ടില്‍ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും 24 ഗ്രാന്‍സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ മാസം 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. ടെന്നിസീല്‍ നിന്ന് വിരമിച്ച ഓസ്ട്രേലിയക്കാരി ആഷ്ലി ബാര്‍ട്ടിയാണ് വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍.
 

Follow Us:
Download App:
  • android
  • ios