കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രവി രാംപോള്‍ ടീമില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്

സെന്‍റ് ലൂസിയ: വമ്പന്‍ സര്‍പ്രൈസുകളൊരുക്കി കീറോണ്‍ പൊള്ളാര്‍ഡിനെ നായകനാക്കി ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ടി20 ഫോര്‍മാറ്റിലെ തീപ്പൊരി താരങ്ങളടങ്ങിയ ടീമിന് നിക്കോളാസ് പുരാനാണ് ഉപനായകന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രവി രാംപോള്‍ ആറ് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്.

റോസ്‌ടണ്‍ ചേസിന് ആദ്യമായി ടി20 ടീമിലേക്ക് ക്ഷണം കിട്ടിയതാണ് മറ്റൊരു സവിശേഷത. എന്നാല്‍ 2016 ലോകകപ്പ് ഫൈനലില്‍ ബെന്‍ സ്റ്റോക്‌സിനെ തുടര്‍ച്ചയായി നാല് സിക്‌സറിന് പറത്തി വിന്‍ഡീസിന് രണ്ടാം കിരീടം സമ്മാനിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് ടീമിന് പുറത്തായി. 

എവിന്‍ ലൂയിസ്, ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ ഫ്ലെച്ചര്‍, ലെന്‍ഡി സിമ്മന്‍സ് തുടങ്ങിയവര്‍ ടോപ് ഓര്‍ഡറിലും നിക്കോളാസ് പുരാനും ഷിമ്രോന്‍ ഹെറ്റ്‌മെയറും മിഡില്‍ ഓര്‍ഡര്‍ താരങ്ങളായും ഇടംനേടി. കീറോണ്‍ പൊള്ളാര്‍ഡിന് പുറമെ ആന്ദ്രേ റസലും ഡ്വൊയ്‌ന്‍ ബ്രാവോയും ഫാബിയന്‍ അലനും ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്. അതേസമയം കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റിനൊപ്പം സുനില്‍ നരെയ്‌നും ഇടമില്ല. ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് എന്നതും ശ്രദ്ധേയമാണ്. ഹെയ്‌ഡന്‍ വാല്‍ഷാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. 

രവി രാംപോളിനൊപ്പം ഒഷേന്‍ തോമസും ഒബെഡ് മക്കോയും പേസര്‍മാരായുള്ള ടീമില്‍ അല്‍സാരി ജോസഫിന് സ്ഥാനമില്ല. ഹോള്‍ഡറിനൊപ്പം ഡാരന്‍ ബ്രാവോയും ഷെല്‍ഡണ്‍ കോട്രലും അക്കീല്‍ ഹൊസീനുമാണ് സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലുള്ളത്. 'എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ താരങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടീമിനെ പരാജയപ്പെടുത്തുക എതിരാളികള്‍ക്ക് ഏറെ കടുപ്പമാകും' എന്നുമാണ് ചീഫ് സെലക്‌ടറുടെ വാക്കുകള്‍. 

Scroll to load tweet…

വെസ്റ്റ് ഇന്‍ഡീസ് ടീം

കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍(വൈസ് ക്യാപ്റ്റന്‍), ക്രിസ് ഗെയ്‌ല്‍, ഫാബിയന്‍ അലന്‍, ഡ്വൊയ്‌ന്‍ ബ്രാവോ, റോസ്‌ടണ്‍ ചേസ്, ആന്ദ്രേ ഫ്ലെച്ചര്‍, ഷിമ്രോന്‍ ഹെറ്റ്‌മേയര്‍, എവിന്‍ ലൂയിസ്, ഒബെഡ് മക്കോയ്, രവി രാംപോള്‍, ആന്ദ്രേ റസല്‍, ലെന്‍ഡി സിമ്മന്‍സ്, ഒഷേന്‍ തോമസ്, ഹെയ്‌ഡന്‍ വാല്‍ഷ്. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

ഡാരന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്രല്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍. 

വെറും 22 മിനുറ്റുകള്‍, റാഷിദ് ഖാന്‍ അഫ്‌ഗാന്‍ നായകസ്ഥാനമൊഴിഞ്ഞു; ടി20 ലോകകപ്പ് സെലക്ഷനെ ചൊല്ലി പോര്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona