ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം മാത്രം 20-25 കോടി രൂപ മുടക്കി നവീകരിക്കാന്‍ പോകുന്നു
ദില്ലി: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ തിരുവനന്തപുരത്ത് മത്സരങ്ങള്‍ അനുവദിക്കാതിരുന്നതില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായിട്ടും ആരാധകരുടെ വലിയ പിന്തുണ ഉറപ്പായിട്ടും ഗ്രീന്‍ഫീല്‍ഡിനെ തഴഞ്ഞു എന്നാണ് വിമര്‍ശനം. ഇതിനിടെ ലോകകപ്പിനായി കോടികള്‍ മുടക്കി മറ്റ് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയാണ് ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം മാത്രം 20-25 കോടി രൂപ മുടക്കി നവീകരിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്.
അഹമ്മദാബാദ്, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളാണ് ലോകകപ്പ് മത്സരങ്ങളുടെ വേദികള്‍. തിരുവനന്തപുരത്തിന് പുറമെ മൊഹാലിയും ഇന്‍ഡോറും റാഞ്ചിയും ലോകകപ്പ് വേദികളുടെ പട്ടികയില്‍ നിന്ന് തഴയപ്പെട്ടിരുന്നു. ഇതില്‍ പ്രതിധേഷം ശക്തമാകുന്നതിനിടെയാണ് ലോകകപ്പ് വേദികളായി പ്രഖ്യാപിച്ച മൈതാനങ്ങള്‍ കോടികള്‍ മുടക്കി ബിസിസിഐ നവീകരിക്കുന്നത്. ഫൈനലിന് വേദിയാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര സ്റ്റേഡിയത്തില്‍ പുതിയ പുല്‍ വച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള പണികള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം 25 കോടി രൂപയോളം മുടക്കി നവീകരിക്കാന്‍ ബിസിസിഐ തയ്യാറാവുന്നത്. ലോകകപ്പ് വേദിയായി തഴയപ്പെട്ട പല സ്റ്റേഡിയങ്ങളും മത്സരസജ്ജമാക്കാന്‍ ഇത്ര തുക പോലും വേണ്ടാ എന്നിരിക്കേയാണ് ബിസിസിഐയുടെ ഈ വിവാദ നീക്കം.
അസൗകര്യങ്ങള്‍ തിരിച്ചടിയായോ
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണെങ്കിലും ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റിന് വേദിയാവാനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്ന വിലയിരുത്തല്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് വേദിയാവുമ്പോള്‍ വേണ്ടിവരുന്ന ഹോസ്‌പിറ്റാലിറ്റി ബോക്സുകളുടെ അപര്യാപ്തതയാന് കാര്യവട്ടത്തിന് തിരിച്ചടിയായതെന്നാണ് സൂചന. ലോകകപ്പ് മത്സരങ്ങളില്‍ ഐസിസി, ബിസിസിഐ, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഹോസ്‌പിറ്റാലിറ്റി ബോക്സില്‍ ടിക്കറ്റ് നല്‍കേണ്ടിവരും. അതിന് ആവശ്യമായ ഹോസപിറ്റാലിറ്റി ബോക്സുകള്‍ ഗ്രീന്‍ഫീല്‍ഡിലില്ല എന്നതും കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സ്വന്തം സ്റ്റേഡിയമല്ലെന്നതും കേരളത്തിന് തിരിച്ചടിയായെന്ന് വേണം കരുതാന്‍.
Read more: ഏകദിന ലോകകപ്പിന് ഒരുങ്ങാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡും! ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
