ദില്ലി: ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമിലെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി പന്തിന്റെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹഉടമ പാര്‍ത്ഥ ജിന്‍ഡാല്‍. ട്വിറ്ററിലൂടെയാണ് ജിന്‍ഡാല്‍ പന്തിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പാക്കത്തതിനെതിരെ രംഗത്തുവന്നത്. ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് ഒരു ഐപിഎല്‍ ടീം ഉടമ പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.

റിസര്‍വ് ബെഞ്ചിലിരുത്താനാണെങ്കില്‍ എന്തിനാണ് ഋഷഭ് പന്തിനെ ഇങ്ങനെ ടീമില്‍ കൊണ്ടുനടക്കുന്നത്. ആ സമയം അദ്ദേഹത്തെ ന്യൂസിലന്‍ എക്കെതിരായ ഇന്ത്യ എ ടീമിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിപ്പിക്കാമായിരുന്നില്ലെ. അത് പന്തിനും ഗുണകരമാകുമായിരുന്നു. പന്തിനോളം പ്രതിഭയുള്ള ഒരു കളിക്കാരനെ പരമ്പര നേടിയശേഷമുള്ള അവസാന ടി20കളിലോ ഏകദിന പരമ്പരയിലെ അപ്രധനാമായ അവസാന മത്സരത്തിലോ കളിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നും ജിന്‍ഡാല്‍ കുറിച്ചു.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരവരെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്നു ഋഷഭ് പന്ത്. എന്നാല്‍ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിടെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ പന്ത് പിന്നീട് ആ മത്സരത്തില്‍ വിക്കറ്റ് കീപ്പ് ചെയ്യാനിറങ്ങിയില്ല. പകരം കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായത്.

ആ മത്സരത്തിലും പിന്നീടുള്ള മത്സരങ്ങിലും രാഹുല്‍ മികച്ച രീതിയില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തതോടെ പന്തിനെ അന്തിമ ഇലവനിലേക്ക് പിന്നീട് പരിഗണിച്ചതേയില്ല. സഞ്ജു സാംസണെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി ഉള്‍പ്പെടുത്തിയപ്പോഴും ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ടി20കളിലും പന്തിനെ കളിപ്പിച്ചിരുന്നില്ല. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വൃദ്ധിമാന്‍ സാഹയായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നാണ് സൂചന.