ദുബായ്: കഴിഞ്ഞ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരുന്നതല്ല അശ്വിന്റെ നടപടിയെന്നായിരുന്നു പ്രധാന വിമര്‍ശനം. ശേഷം വലിയ ചര്‍ച്ചകള്‍ തന്നെ ഇക്കാര്യത്തില്‍ നടന്നു. ഇതിനടെ അശ്വിന്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറി. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് അവരുടെ പരിശീലകന്‍. മങ്കാദിങ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പോണ്ടിംഗ് പറഞ്ഞിരുന്നു. ഐപിഎല്ലില്‍ തന്റെ ടീമംഗങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും പോണ്ടിംഗ് പറഞ്ഞു. 

എന്നാല്‍ ഇക്കാര്യത്തില്‍ 'യു ടേണ്‍' എടുത്തിരിക്കുകയാണ് പോണ്ടിംഗ്. മങ്കാദിങ്ങിനെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ബൗളര്‍ ആക്ഷനെടുക്കുന്നതിന് മുമ്പ് നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ക്രീസ് വിടുന്നത് വഞ്ചനയാണെന്നാണ് പോണ്ടിംഗ് പറയുന്നത്. മുന്‍ ഓസീസ് നായകന്റെ വാക്കുകള്‍... ''ബൗളര്‍ ആക്ഷന്‍ പൂര്‍ണമാക്കുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ ക്രീസ്
വിടുന്നത് ശരിക്കും വഞ്ചനയാണ്. എന്നാല്‍ ക്രൂശിക്കപ്പെടുന്നത് ബൗളര്‍ മാത്രമാണ്. ഇക്കാര്യത്തില്‍ നിയമം പരിഷ്‌കരണം അനിവാര്യമാണ്.'' പോണ്ടിംഗ് പറഞ്ഞു. 

ഡല്‍ഹിയിലേക്ക് മാറിയ അശ്വിന്‍ അവസരം വന്നാല്‍ വീണ്ടും മങ്കാദിങ് ചെയ്യുമെന്ന് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പോണ്ടിംഗ് ഒരിക്കല്‍ ഇതിനെതിരെ കടുത്ത വിമര്‍നമാണ് ഉന്നയിച്ചത്. ''ഇപ്പോള്‍ പരിശോധിക്കുമ്പോഴും നിയമത്തിനുള്ളില്‍ നിന്നാണ് അത് ചെയ്തത് എന്ന് അശ്വിന്‍ പറയുമായിരിക്കും. അത് അദ്ദേഹത്തിനു ചെയ്യാം. എന്നാല്‍ അത് കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല. കുറഞ്ഞ പക്ഷം ഡല്‍ഹി ക്യാപിറ്റല്‍സിലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്നത് അതല്ല.'' ഇതായിരുന്നു പോണ്ടിംഗ് നല്‍കിയ മറുപടി.