'ദൂസ്ര' എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അവസാന നിമിഷം റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ദില്ലി: 'ദൂസ്ര' എന്ന സിനിമയുടെ തിയേറ്റര്‍ റിലീസ് തടയാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് ഭട്ടിന്റെ വെക്കേഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാജസ്ഥാനിലെ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഗാംഗുലിയുമായി ബന്ധപ്പെട്ട ചില കായിക സംഭവങ്ങള്‍ പ്രചോദനമായി വരുന്നുണ്ട്. എന്നാല്‍ അവസാന നിമിഷം ചിത്രം തടയുന്നത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന 'ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ്' തത്വം ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്.
''ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രാഥമികമായി നോക്കുമ്പോള്‍ 'ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ്' നിങ്ങള്‍ക്ക് അനുകൂലമല്ല. നിങ്ങള്‍ക്ക് വ്യക്തിപരമായ അവകാശങ്ങള്‍ ഉണ്ടായിരിക്കാം, എന്നാല്‍ ഇന്ന് ഈ സിനിമയുടെ റിലീസ് തടയാന്‍ കഴിയില്ല.'' ജഡ്ജി ഗാംഗുലിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സൗരവ് ഗാംഗുലിക്ക് പുറമെ അദ്ദേഹത്തിന്റെ ബയോപിക് നിര്‍മ്മിക്കുന്ന 'ലവ് ഫിലിംസ് എല്‍ എല്‍പി'യും കേസിലെ വാദികളാണ്.
എന്നാല്‍ 'ദൂസ്ര' ഒരു ബയോപിക് അല്ലെന്നും, ഗാംഗുലിയുടെ കളിരംഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നൂറിലധികം തിയേറ്ററുകള്‍ ബുക്ക് ചെയ്യുകയും മുന്‍കൂറായി പണം നല്‍കുകയും ചെയ്ത സിനിമ റിലീസിന്റെ അവസാന ഘട്ടത്തില്‍ തടയാന്‍ ശ്രമിക്കുന്നത് ബ്ലാക്ക് മെയിലിംഗാണെന്നും അവര്‍ ആരോപിച്ചു.
അതേസമയം, സൗരവ് ഗാംഗുലിയുടെ പേര് ഉപയോഗിച്ചാണ് ചിത്രം പ്രൊമോട്ട് ചെയ്യുന്നതെന്നും, ഗാംഗുലി തന്നെയാണ് ഈ ചിത്രത്തിലെ യഥാര്‍ത്ഥ നായകനെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ഗാംഗുലിയില്‍ നിന്ന് അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വ അവകാശങ്ങളുടെ ലംഘനമാണെന്നും, നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ അഡ്വാന്‍സ് ബുക്കിംഗ് തുക നല്‍കാന്‍ തയ്യാറാണെന്നും ഗാംഗുലിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.








