റാഞ്ചി: ദേവ്‌ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യ എക്കെതിരെ ഇന്ത്യ ബിയ്ക്ക് വമ്പന്‍ ജയം. മലയാളി താരങ്ങളായ വിഷ്ണു വിനോദ് ബാറ്റു കൊണ്ടും സന്ദീപ് വാര്യര്‍ പന്തുകൊണ്ടും നിരാശപ്പെടുത്തിയ മത്സരത്തില്‍ 108 റണ്‍സിനാണ് ഇന്ത്യ ബി ജയിച്ചു കയറിയത്. സ്കോര്‍ ഇന്ത്യ ബി 50 ഓവറില്‍ 302/6, ഇന്ത്യ എ 47.2 ഓവറില്‍ 194ന് ഓള്‍ ഔട്ട്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബിക്കായി റുതുരാജ് ഗെയ്‌വാദും ബാബാ അപരാജിതും സെഞ്ചുറികളുമായി തിളങ്ങി. ഗെയ്‌ക്‌വാദ് 122 പന്തില്‍ 113 റണ്‍സടിച്ചപ്പോള്‍ ബാബാ അപരാജിത് 101 പന്തില്‍ 101 റണ്‍സടിച്ചു. വിജയ് ശങ്കര്‍(26) യശസ്വി ജയ്‌സ്വാര്‍(31) എന്നിവരാണ് ഇന്ത്യ ബിയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ഇന്ത്യ എക്കായി ജയദേവ് ഉനദ്ഘട്ടും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എട്ടോവര്‍ പന്തെറിഞ്ഞ സന്ദീപ് വാര്യര്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

മറുപടി ബാറ്റിംഗില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ വിഷ്ണു വിനോദിന് 24 പന്തില്‍ 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കര്‍ണാടകയുടെ മലയാളി താരമായ ദേവദത്ത് പടിക്കലിന് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 59 റണ്‍സെടുത്ത ഹനുമാ വിഹാരിയാണ് ഇന്ത്യ എയുടെ ടോപ് സ്കോറര്‍. ഇന്ത്യ ബിക്കായി റൂഷ് കലാരിയ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു.