2025-ലെ ഐപിഎല്‍ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കുള്ള മടങ്ങിവരവ് തന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവാണെന്ന് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ വെളിപ്പെടുത്തുന്നു. 

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചത്. 2025 സീസണിന് മുന്നോടിയായി ടീമില്‍ തിരിച്ചെത്തിയ പടിക്കല്‍, ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. 2020-ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ 473 റണ്‍സ് നേടി എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയ പടിക്കലിന്റെ കരിയര്‍ ഗ്രാഫ് ആര്‍സിബി വിട്ടതിനുശേഷം താഴേക്കായിരുന്നു. 2022ല്‍ ആര്‍സിബിയില്‍ നിന്ന് റിലീസ് ചെയ്യപ്പെട്ട പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കായി കളിച്ചെങ്കിലും പഴയ ഫോം കണ്ടെത്താനായില്ല.

എന്നാല്‍ 2025-ലെ ലേലത്തില്‍ 2 കോടി രൂപയ്ക്ക് ആര്‍സിബി തന്നെ പടിക്കലിനെ തിരികെ എത്തിച്ചു. ആന്‍ഡി ഫ്‌ളവര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ കീഴില്‍ മൂന്നാം നമ്പറില്‍ താരം ബാറ്റിംഗ് ശൈലി പരിഷ്‌കരിക്കുകയും ചെയ്തു. ഫോമിനെ കുറിച്ച് പടിക്കല്‍ പറഞ്ഞതിങ്ങനെ... ''എന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ ലേലം. ഏത് രീതിയിലുള്ള ക്രിക്കറ്റ് കളിക്കണം, എങ്ങനെയുള്ള ഒരു താരമാകണം എന്ന കാര്യത്തില്‍ എനിക്ക് കൃത്യമായ തീരുമാനമെടുക്കേണ്ട ഘട്ടമായിരുന്നു അത്. ആര്‍സിബിയിലേക്കുള്ള മടങ്ങിവരവ് ആ പാത എനിക്ക് എളുപ്പമാക്കി.'' പടിക്കല്‍ പറഞ്ഞു.

പവര്‍ ഹിറ്റിംഗിലേക്ക് മാറ്റം

പഴയ ശൈലിയില്‍ നിന്ന് മാറി കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന രീതിയിലാണ് പടിക്കല്‍ ഇപ്പോള്‍ ബാറ്റ് വീശുന്നത്. സാങ്കേതിക തികവിനേക്കാള്‍ കരുത്തുറ്റ ഷോട്ടുകള്‍ കളിക്കുന്നതിനാണ് ഇപ്പോള്‍ താരം മുന്‍ഗണന നല്‍കുന്നത്. 2025 സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 247 റണ്‍സ് നേടിയ താരം 2026 സീസണില്‍ ഇതിനോടകം തന്നെ രണ്ട് മത്സരങ്ങളില്‍ നിന്ന് 111 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 55.5 ശരാശരിയും 201.82 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമാണ് പടിക്കലിനുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമെതിരെ പടിക്കല്‍ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും

ആര്‍സിബിയിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മിന്നും പ്രകടനങ്ങള്‍ പടിക്കലിനെ വീണ്ടും ഇന്ത്യന്‍ ദേശീയ ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ദേവ്ദത്ത് പടിക്കല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാണെന്ന് ദിനേശ് കാര്‍ത്തിക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

YouTube video player