മൊഹാലി: പരിക്ക് കാരണം ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ലോകകപ്പിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. കാര്യവട്ടത്ത് ഇന്ത്യ എടീമിന് വേണ്ടി കളിച്ച ധവാന്‍ ഫോമിലേക്ക് തിരികെയെത്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങളിലും ധവാനുണ്ട്. 

ഇന്ന് ഇന്ത്യ രണ്ടാം ടി20ക്ക് ഒരുങ്ങും മുമ്പ് താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്‍ തുടര്‍ന്നു... ''ഏകദിനത്തിലും ടി20യിലും മികച്ച താരമാണ് ശിഖര്‍ ധവാന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ധവാനേക്കാളും മികച്ച ഓപ്പണറെ ഇന്ത്യയ്ക്കു ലഭിക്കാനില്ല. 

രോഹിത്തും കോലിയും ഇന്ത്യയുടെ വിജയങ്ങളില്‍ വഹിക്കുന്ന പങ്കിന്റെ അത്രയും പ്രാധാന്യം ധവാന്റെ ഇന്നിങ്‌സുകള്‍ക്കുമുണ്ട്. രോഹിത്- ധവാന്‍ സഖ്യം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഒന്നാണ്. ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.