ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് പര്യടനം നഷ്ടമാവും. ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇടത് തോളിനേറ്റ പരിക്കാണ് വിനയായത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പുറുത്തുവിട്ടിട്ടില്ല. എന്നാല്‍ ഒരു ബിസിസിഐ പ്രതിനിധി ഇക്കാര്യം പറയുകയുണ്ടായി. കൂടാതെ ദേശീയ മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടിരുന്നു. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ധവാന് നഷ്ടമാവുക.

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടതാരം പിന്നീട് ബാറ്റിങ്ങിനും ഇറങ്ങിയിരുന്നില്ല. പിന്നീട് യൂസ്വേന്ദ്ര ചാഹലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ധവാന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.  അടുത്തിടെയാണ് പരിക്ക് മാറി ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നത്. 

പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ ചില മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് താരം തിരിച്ചെത്തി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് തോട്ടുമുമ്പ് ധവാന് വീണ്ടും പരിക്കേറ്റു. പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം തിരിച്ചെത്തിയത്.

ധവാന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, അജിന്‍ക്യ രഹാനെ എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ഈ മാസം 24ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.