മുംബൈ: വിരമിക്കുന്നതിനെ കുറിച്ച് എം എസ് ധോണി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. എപ്പോള്‍ വിരമിക്കണമെന്ന് ധോണി തന്നെ തീരുമാനിക്കും. സൂര്യന് താഴെ സാധ്യമായ എല്ലാ നേട്ടവും സ്വന്തമാക്കിയ ധോണി, ഇന്ത്യന്‍ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ ചോദ്യം ചെയ്യാന്‍ ആരു ശ്രമിക്കരുതെന്നും പ്രസാദ് പറഞ്ഞു.

ധോണിയുടെ ഭാവി സംബന്ധിച്ച് ബിസിസിഐയും സെലക്ടര്‍മാരും ധാരണയിലെത്തിയിട്ടുണ്ടെന്നും തത്ക്കാലം അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമിക്ക് ശേഷം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കില്ലെന്നാണ് സൂചന. ഐപിഎല്ലിനുശേഷം ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് വ്യക്തത വരുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ടെസ്റ്റ് ഓപ്പണറെന്ന നിലയിലുള്ള രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് തൃപ്തിയുണ്ടെന്നും പ്രസാദ് പറഞ്ഞു. അംബാട്ടി റായുഡുവിനെ എല്ലാ രീതിയിലും പിന്തുണച്ചിരുന്നുവെന്നും ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രസാദ് പറഞ്ഞു. എന്നാല്‍ പിന്നീടാണ് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായത്.

കരുണ്‍ നായരുടെ കാര്യത്തില്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ അടിച്ചു തുടങ്ങിയെങ്കിലും പിന്നീട് ലഭിച്ച അവസരങ്ങളില്‍ കരുണിന് തിളങ്ങാനായില്ലെന്നും പ്രസാദ് വ്യക്തമാക്കി. ഈ സീസണിലും കരുണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് കാണുന്നതെന്നും പ്രസാദ് പറഞ്ഞു.