മുംബൈ: ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അടുത്ത സീസണില്‍ ധോണിയായിരിക്കില്ലെ ചെന്നൈയെ നയിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍. അടുത്ത സീസണിലും ധോണി തന്നെയായിരിക്കും നായകനെന്ന് ചെന്നൈ ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വരും സീസണില്‍ പുതിയ നായകന്‍റെ കീഴിലാവും ചെന്നൈ ഇറങ്ങുകയെന്ന് ബംഗാര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂടിയായ ഫാഫ് ഡൂപ്ലെസിയ്ക്ക് ആവും ധോണി  പകരം ചെന്നൈ നായക സ്ഥാനം കൈമാറുകയെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്തുകൊണ്ട് ബംഗാര്‍ പറഞ്ഞു.എനിക്ക് മനസിലായിടത്തോളം അടുത്ത സീസണില്‍ ധോണി കളിക്കുമെങ്കിലും നായകസ്ഥാനം ഡൂപ്ലെസിക്ക് കൈമാറാനാണ് സാധ്യത. ഡൂപ്ലെസിക്ക് കീഴിലാവും ചെന്നൈ ടീമിലെ തലമുറ മാറ്റം സംഭവിക്കുക.

കാരണം, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റു പേരുകളൊന്നും ഇപ്പോള്‍ ചെന്നൈ നിരയിലില്ല. അത് മാത്രമല്ല, ഇത്തവണ മെഗാ താരലേലം നടന്നാല്‍ പോലും ചെന്നൈ ടീമിന്‍റെ നായകനാവാന്‍ സാധ്യതയുള്ള ഒരു വമ്പന്‍ താരത്തെയും നിലവിലെ ടീമുകള്‍ വിട്ടുകൊടുക്കാന്‍ തയാറാവുമെന്നും കരുതുന്നില്ലെന്നും ബംഗാര്‍ പറഞ്ഞു.

ഇത്തവണ ഐപിഎല്‍ പ്ലേ ഓഫിലെത്താതെ പുറത്തായ ചെന്നൈക്കായി സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയപ്പോള്‍ ഇത് ചെന്നൈ ജേഴ്സിയിലെ അവസാന മത്സരമാണോ എന്ന് കമന്‍റേറ്ററായ ഡാനി മോറിസണ്‍ ചോദിച്ചിരുന്നു. തീര്‍ച്ചയായും അല്ലെന്നായിരുന്നു ധോണിയുടെ മറുപടി.