ചെന്നൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ സ്ഥാനം എന്തായിരിക്കും. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ധോണി ചെന്നൈ ടീമിന്റെ ബോസ് ആയിരിക്കുമെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു.

ധോണിയുടെ 39-ാം ജന്‍മദിനത്തിലായിരുന്നു സിഇഒയുടെ വെളിപ്പെടുത്തല്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ധോണിക്ക് ചെന്നൈയില്‍ സ്ഥിരം സ്ഥാനമുണ്ടാകും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബോസ് എന്ന നിലയിലായിരിക്കും അത്-സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഷോയില്‍ പങ്കെടുത്ത് കാശി വിശ്വനാഥന്‍ പറഞ്ഞു.


ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ ടീമിന്റെ നായകനാണ് ധോണി. മൂന്ന് തവണ ചെന്നൈയെ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരാക്കിയ ധോണിയുടെ കീഴില്‍ ടീം ഒരു സീസണിലും ആദ്യ നാലില്‍ നിന്ന് താഴെ ഫിനിഷ് ചെയ്തിട്ടില്ല. ചെന്നൈ ടീം ഉടമയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ എന്‍ ശ്രീനിവാസനുമായി അടുത്ത ബന്ധമുള്ളയാളാണ് വിശ്വനാഥന്‍ എന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പ്രാധാന്യമേറെയാണ്.

ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ധോണി ടീമിന്റെ ഭരണപരമായ കാര്യങ്ങളുടെ ചുമതല വഹിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എങ്ങനെയാണ് ധോണി ടീമിന്റെ 'തല' ആയതെന്നും കാശി വിശ്വനാഥന്‍ വിശദീകരിക്കുന്നുണ്ട്. ഒരുകാര്യമെ എനിക്കറിയൂ, ടീമില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. ടീമിലെ ഓരോ അംഗത്തില്‍ നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം ധോണി ഉറപ്പുവരുത്തും. അതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ തലയെന്ന് വിളിക്കുന്നത്-കാശി വിശ്വനാഥന്‍ പറഞ്ഞു.