ബാറ്റിംഗില്‍ മാത്രമല്ല, കീപ്പറെന്ന നിലയിലും ജുറെല്‍ മികവ് കാട്ടി. അവന്‍റെ കളിയോടുള്ള സമീപനവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനുള്ള കഴിവും നോക്കുമ്പോള്‍ അടുത്ത ധോണിയാണ് അവനെന്നാണ് എനിക്ക് തോന്നുന്നത്.
റാഞ്ചി: എം എസ് ധോണിയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതോടെ യുവതാരം ധ്രുവ് ജുറെലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം. റിഷഭ് പന്തിന്‍റെ പകരക്കാരനെ അന്വേഷിക്കുന്ന ഇന്ത്യക്ക് ഇപ്പോള്‍ ലഭിച്ചത് സാക്ഷാല്‍ എം എസ് ധോണിയുടെ പിന്‍ഗാമിയെ തന്നെയാണെന്നാണ് വാലറ്റക്കാര്‍ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് കെട്ടിപ്പടുത്ത ധ്രുവ് ജുറെലിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 90 റണ്‍സെടുത്ത ജുറെലിന്‍റെ ഇന്നിംഗ്സാണ് ആദ്യ ഇന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
അടുത്ത എം എസ് ധോണിയെ ആണ് ധ്രുവ് ജുറെലില്‍ ഇപ്പോള്‍ കാണുന്നതെന്ന് മത്സരത്തിന്‍റെ കമന്‍റററിക്കിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറും വിശേഷിപ്പിച്ചു. വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ധ്രുവ് ജുറെല്‍ പുറത്തെടുത്ത പക്വതയാണ് അദ്ദേഹത്തെ ധോണിയുടെ പിന്‍ഗാമിയാക്കുന്നതെന്ന് ഗവാസ്കര്‍ വിശദീകരിച്ചു.
50 അടിച്ചശേഷം കാര്‍ഗില്‍ യുദ്ധവീരനായ അച്ഛന് ബിഗ് സല്യൂട്ട്, ധോണിയുടെ പിന്‍ഗാമിയെത്തിയെന്ന് ഗവാസ്കര്‍
ബാറ്റിംഗില്‍ മാത്രമല്ല, കീപ്പറെന്ന നിലയിലും ജുറെല്‍ മികവ് കാട്ടി. അവന്‍റെ കളിയോടുള്ള സമീപനവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനുള്ള കഴിവും നോക്കുമ്പോള്‍ അടുത്ത ധോണിയാണ് അവനെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കറിയാം ഇനിയൊരു ധോണി ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാവില്ലെന്ന്. എന്നാല്‍ ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ജുറെലിന്‍റെ മനസാന്നിധ്യം ധോണിക്ക് സമാനമാണ്. കരിയറിന്‍റെ തുടക്കത്തില്‍ ധോണിയും ഇതുപോലെയായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ജുറെലും കുല്‍ദീപ് യാദവും ക്രീസില്‍ ഒത്തു ചേരുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 176 റണ്‍സ് പിന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ധ്രുവ് ജുറെലിന്‍റെ കളിയോടുള്ള സമീപനത്തെയും പ്രകടനത്തെയും മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും വസീം ജാഫറും പ്രശംസിച്ചിരുന്നു.
