ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ നിര്‍ണായക അര്‍ദ്ധ ശതകം നേടിയ ധ്രുവ് ജുറെല്‍ തന്റെ തിരിച്ചുവരവിന് പിന്നില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും പിന്തുണയാണെന്ന് വെളിപ്പെടുത്തി.
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം നിര്‍ണായക അര്‍ദ്ധ ശതകം നേടി തന്റെ മോശം ഫോമിന് വിരാമമിട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം ധ്രുവ് ജുറെല്‍. താന്‍ ഒരിക്കലും ഒരു സമ്മര്‍ദ്ദത്തിലും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ ജുറെല്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ വ്യക്തതയും ആത്മവിശ്വാസവും നല്‍കിയതിന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നന്ദി അറിയിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസം 68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ജുറെല്‍, ഇന്ത്യയെ 9 വിക്കറ്റ് നഷ്ടത്തില്‍ 460 എന്ന ശക്തമായ നിലയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
തുടര്‍ച്ചയായി ഏഴ് ഇന്നിങ്‌സുകളില്‍ അര്‍ദ്ധശതടം നേടാനാകാതെ നിന്നതിന് ശേഷമാണ് താരത്തിന്റെ ഈ തിരിച്ചുവരവ്. ''സത്യം പറഞ്ഞാല്‍, യാതൊരു സമ്മര്‍ദ്ദവും എനിക്കുണ്ടായിരുന്നില്ല. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം നന്ദിയുള്ളവനായിരിക്കും. ടീമിനെ വിജയിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ കളിക്കുന്നത്.'' മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ജുറെല്‍ പറഞ്ഞു. ''ഞാന്‍ ക്യാപ്റ്റനോടോ മുഖ്യ പരിശീലകനോടോ സംസാരിക്കുമ്പോഴൊക്കെ, എന്താണ് ചെയ്യേണ്ടതെന്നും സാഹചര്യങ്ങള്‍ എന്താണെന്നും അവര്‍ എനിക്ക് കൃത്യമായി പറഞ്ഞുതരാറുണ്ട്. അതുകൊണ്ട് സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അവര്‍ എന്നോട് നിര്‍ദ്ദേശിച്ചു. ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് വ്യക്തിഗത നാഴികക്കല്ലുകളൊന്നും നോക്കാറില്ല. ടീമിന് എന്താണോ ആവശ്യം അത് ചെയ്യും.'' അദ്ദേഹം വ്യക്തമാക്കി.
പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമിനായി ഇതേ വേദിയില്‍ കളിച്ചിരുന്ന അനുഭവം സാഹചര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സഹായിച്ചെന്നും 25 കാരനായ താരം പറഞ്ഞു. മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം രണ്ട് സെഷനുകള്‍ നഷ്ടമായെങ്കിലും, അനാവശ്യ റിസ്‌കുകള്‍ എടുക്കാതെ പരമാവധി റണ്‍സ് നേടുക എന്നതായിരുന്നു ടീമിന്റെ പദ്ധതിയെന്ന് ജുറെല്‍ കൂട്ടിച്ചേര്‍ത്തു.
ലങ്കന്‍ ബാറ്റിംഗ് നിരയ്‌ക്കെതിരെ ഇന്ത്യയുടെ ബൗളര്‍മാര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും, 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ കൃത്യമായ പ്ലാനുകളോടെ ക്ഷമയോടെ പന്തെറിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദര്‍ഭത്തിനൊത്ത് സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനത്തെയും ജുറെല്‍ അഭിനന്ദിച്ചു.

