വിൻഡീസ് ബൗളര്‍മാരെ ഗില്‍ ദയയില്ലാതെ ബൗണ്ടറികളിലേക്ക് അയക്കുന്നതിനിടിയല്‍ 35-ാം ശതകം രോഹിത് തികച്ചു. 72 പന്തിലായിരുന്നു നേട്ടം. വൈകാതെ മടങ്ങിയെങ്കിലും മറ്റൊരു സ്റ്റേറ്റ്മെന്റ് ഇന്നിങ്സുകൂടി
26-ാം ഓവറിലെ ആദ്യ പന്ത്. ഓഫ് സ്റ്റമ്പ് ലൈനില്‍ വിറ്റല്‍ ലോവ്‍സിന്റെ ഒരു ഫ്ലൈറ്റഡ് ഡെലിവറി. എക്‌സ്ട്രാ കവറിലേക്ക് ഡിഫൻഡ് ചെയ്ത് അയാള്‍ സിംഗിളിനായി നടന്നുതുടങ്ങി. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലെ ജനാരവം അതിന്റെ പരമാവധിയിലേക്ക് എത്തുകയാണ്...
പൊടുന്നനെ അയാള്‍ ആ നടത്തത്തിന്റെ വേഗതയൊന്നു മാറ്റി, സ്ലോ സ്പ്രിന്റിങ്ങിലേക്ക് ഷിഫ്റ്റ് ചെയ്തു. ബൗളിങ് എൻഡില്‍ എത്തിയ ശേഷമൊരു പഞ്ച്, പിന്നാലെ ബാറ്റൊന്നുയര്‍ത്തി...ഇങ്ങനെയൊരു സെലിബ്രേഷൻ അയാള്‍ നടത്തിയിട്ട് കാലമെത്രയായി...കാരണം ഈ സെഞ്ചുറി അയാള്‍ക്ക് പേഴ്‌സണലായിരുന്നു...ആ ആഘോഷം ഒരു സന്ദേശവും...
I am here to stay, and there's nothing anyone can do about it. പറയുന്നത് നാവുകൊണ്ടല്ല, ബാറ്റുകൊണ്ടാണ്. പേര്, രോഹിത് ശര്‍മ. വിമര്‍ശനങ്ങളോടും സംശയങ്ങളോടും പ്രായത്തിനോടും പരിമിധികളോടുമുള്ള അയാളുടെ പോരാട്ടം...
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ രോഹിത് ശർമയുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ തികച്ചും അനാവശ്യമാണ്...വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക്കറിന്റെ വാക്കുകളാണ്...എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം രോഹിത് കളത്തില്‍ നല്‍കിയിരുന്നു...
407 എന്ന വിജയലക്ഷ്യം, വൻ സ്കോറുകള്‍ക്ക് മുന്നില്‍ തുടക്കത്തിലെ മടങ്ങുന്ന രോഹിത് പിൻകാലത്തെ കാഴ്ചകളിലൊന്നായിരുന്നു. പതിവ് പോലെ രക്ഷകന്റെ കുപ്പായമണിയാൻ വിരാട് കോലി ഡഗൗട്ടില്‍ തയാറായിരുന്നു...ശുഭ്മാൻ ഗില്ലിന്റെ കൈകള്‍ക്ക് സമ്മര്‍ദത്തിന്റെ ഭാരമുണ്ടായിരുന്നു ജെയ്ഡൻ സെയ്ല്‍സിനെ നേരിടുമ്പോള്‍. ഇന്ത്യൻ നായകൻ ആദ്യ ഓവര്‍ അതിജീവിക്കുകയായിരുന്നുവെന്ന് പറയാം..
പക്ഷേ, രോഹിത് വാസ് ഡിറ്റര്‍മൈൻഡ്, ഇന്ത്യക്ക് അനിവാര്യമായ തുടക്കം നല്‍കുക എന്ന ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റാൻ തയാറായാണ് ക്രീസിലേക്ക് വന്നതും. മണിക്കൂറില്‍ 140 കിലോ മീറ്ററിലെത്തിയ അല്‍സാരി ജോസഫിന്റെ പന്തിനെ ഡീപ് ബാക്ക്‌വേഡ് പോയിന്റിലേക്ക് സ്ലാഷ് ചെയ്താണ് തുടക്കം. പിന്നാലെ ഒരു സിക്സ്. സ്ക്വയര്‍ ഓഫ് ദ വിക്കറ്റിലേക്ക് അല്‍സാരിയെ ഒരിക്കല്‍ക്കൂടി പറഞ്ഞയച്ചാണ് രണ്ടാം ഓവര്‍ രോഹിത് അവസാനിപ്പിച്ചത്.
ശേഷം നേരിട്ട 12 പന്തുകളില്‍ ഒരു ബൗണ്ടറി പോലും രോഹിതിന്റെ ബാറ്റില്‍ നിന്നുണ്ടായില്ല. 2025 ചാമ്പ്യൻസ് ട്രോഫി വരെയുള്ള കാലയളവ് പരിശോധിച്ചാല്‍ അപൂര്‍വമായി മാത്രമാണ് പവര്‍പ്ലേയില്‍ രോഹിത് ഇത്രത്തോളം ക്ഷമിക്കുന്നത്. ആ വലിയ ലക്ഷ്യത്തിനായുള്ള മാറ്റത്തില്‍ അയാള്‍ തന്റെ സ്വഭാവികമായുള്ള മെന്റാലിറ്റിയെ വരെ മാറ്റിവെക്കാൻ തയാറായിരിക്കുന്നു.
അല്‍സാരിയില്‍ നിന്ന് തന്നെയാണ് പുനരാരംഭവം. ഫിഫ്ത്ത് സ്റ്റമ്പ് ലൈനിലെത്തിയ ഷോര്‍ട്ട് ബോള്‍ ഡീപിലേക്ക് തിരിച്ചുവിട്ടു. ജെയ്ഡൻ സീല്‍സിന്റെ ഫുള്‍ ലെങ്ത് പന്തില്‍ ഒരു ക്ലാസിക്ക് പിക്കപ്പ് ഷോട്ട്. ബൗണ്ടറികളില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല രോഹിതിന്റെ ഇന്നിങ്സ്, ഗില്ലിനൊപ്പം ചേര്‍ന്ന് കൃത്യമായി സിംഗിളുകളും ഡബിളും സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഫിറ്റ്നസ് വീണ്ടെടുത്തതിന് ശേഷം രോഹിതിന്റെ റണ്ണിങ് ബിറ്റ്‌വീൻ ദ വിക്കറ്റ്സ് എത്രത്തോളം ഇംപ്രൂവായി എന്നതും ഗുവാഹത്തി ഇന്നിങ്സ് തെളിയിക്കുന്നത്.
പവര്‍പ്ലേയില്‍ ഫൈൻല്‍ പഞ്ചും രോഹിതിന്റെ ബാറ്റില്‍ നിന്നായിരുന്നു. കീമോ പോളിന്റെ സ്ലോ ബൗണ്‍സറില്‍ കാച്ചിക്കുറിക്കിയൊരു പുള്‍ ഷോട്ട്, ശേഷം ഡീപ് എക്സ്ട്രാ കവറിന് മുകളിലുടെ ട്രേഡ് മാര്‍ക്ക് സിക്‌സ്, നോബോളില്‍ നിന്ന് ലഭിച്ച ഫ്രീ ഹിറ്റാകാട്ടെ നിക്ഷേപിക്കപ്പെട്ടത് സെക്കന്റ് ടയറിലും. 32 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. ടി20യില്‍ നിന്ന് വിരമിച്ചിട്ട് രണ്ട് വര്‍ഷമായെന്നോര്‍ക്കണം. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം ഗില്ലിന് പിന്തുണ നല്‍കുന്ന രോഹിതിനെയാണ് ഗുവാഹത്തിയില്‍ കണ്ടത്, പക്ഷേ വിൻഡീസ് ബൗളര്‍മാരെ ശിക്ഷിക്കുന്നതില്‍ നിന്ന് വിട്ടുനിന്നതുമില്ല.
16-ാം ഓവറില്‍ ഐതിഹാസികമായ ഏകദിന കരിയറില്‍ ഒരു നേട്ടം കൂടി. സച്ചിൻ തെൻഡുല്‍ക്കറിനും വിരാട് കോലിക്കും ശേഷം ഫോര്‍മാറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരം. അതും സച്ചിൻ, പോണ്ടിങ്, സങ്കക്കാര എന്നീ ലെജൻഡുകളേക്കാള്‍ വേഗത്തില്‍. സച്ചിന് 300 ഇന്നിങ്സുകളാണ് ആവശ്യമായി വന്നത്, രോഹിതിന് 282. കോലി സമാന നേട്ടത്തിലേക്ക് എത്തിയത് 242 ഇന്നിങ്സുകളിലുമാണ്...
വിൻഡീസ് ബൗളര്‍മാരെ ഗില്‍ ദയയില്ലാതെ ബൗണ്ടറികളിലേക്ക് അയക്കുന്നതിനിടിയല്‍ 35-ാം ശതകം രോഹിത് തികച്ചു. 72 പന്തിലായിരുന്നു നേട്ടം. വൈകാതെ മടങ്ങിയെങ്കിലും മറ്റൊരു സ്റ്റേറ്റ്മെന്റ് ഇന്നിങ്സുകൂടി. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയാണ് രോഹിതിന്റെ നേട്ടം. ഏകദിന ലോകകപ്പിനുള്ള ടീമില്‍ രോഹിതിന് പകരം ജയ്സ്വാളിനെ പരിഗണിക്കണമെന്നും രോഹിത് വിരമിക്കണമെന്നും ആവശ്യപ്പെട്ട അഗാര്‍ക്കര്‍ ഇന്ന് ആ സ്ഥാനത്തുപോലുമില്ല...
ഫോര്‍മാറ്റില്‍ 12,000ത്തില്‍ അധികം റണ്‍സ്, 35 സെഞ്ചുറി...ഒന്നരപതിറ്റാണ്ട് പിന്നിടുന്ന പരിചയസമ്പത്ത്. ലോകകപ്പുകളിലെ അസാധാരണ പ്രകടനങ്ങള്‍, മികച്ചഫോമില്‍. ഫിറ്റ്നസിന്റെ കാര്യത്തിലാണ് ബിസിസിഐയുടെ ആശങ്കകളെല്ലാം. പക്ഷേ, ആശങ്കകളൊന്നും വേണ്ടതില്ലെന്ന് ഇന്നലെ മൈതാനത്ത് ബൗണ്ടറി ലൈൻ സേവിലൂടെ രോഹിത് പറഞ്ഞുവെച്ചതാണ്...രോഹിതിനെ മാറ്റി നിര്‍ത്താൻ എന്ത് കാരണമാണുള്ളതെന്നത് മാത്രം അവ്യക്തമാണ്.
ഫിറ്റ്നസില്‍ തൃപ്തരല്ലെങ്കില്‍ അത് മെച്ചപ്പെടുത്താൻ ആവശ്യപ്പെടുകയാണ് വേണ്ടത്, അല്ലാതെ വിരമിക്കാൻ നിര്‍ദേശിക്കുകയല്ല. സമീപകാലത്ത് ഇന്ത്യൻ ടീമില്‍ വിദേശത്തും ഇന്ത്യയിലും സെഞ്ചുറിയുള്ള ഒരേയൊരു താരം രോഹിതാണെന്നും ഓര്‍ക്കേണ്ടതുണ്ട്...ദക്ഷിണാഫ്രിക്കയിലെ സ്പൈസിയായുള്ള വിക്കറ്റുകളില്‍ രോഹിതിന്റെ ബാറ്റ് നിശബ്ദമാകില്ല, കാരണം ബോള്‍ റീഡ് ചെയ്യാനുള്ള അയാളുടെ അസാധ്യമായ കഴിവ് തന്നെയാണ് കാരണം. 2019 ലോകകപ്പിന് മുൻപ് ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ രോഹിത് പരാജയപ്പെടുമെന്നായിരുന്നു വിധിയെഴുത്ത്, പക്ഷേ, ടൂര്‍ണമെന്റിലെ ടോപ് സ്കോററായായിരുന്നു താരത്തിന്റെ മടക്കം.
വിമര്‍ശനങ്ങളോടും സംശയങ്ങളോടും പ്രായത്തിനോടും പരിമിധികളോടുമുള്ള അയാളുടെ പോരാട്ടം തുടരും...


