ആദ്യ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം സഞ്ജയ് മഞ്ജരേക്കർ എന്നെ വിമർശിച്ച് ഒരു ദീർഘമായ ലേഖനമെഴുതി. നാട്ടിലേക്ക് മടങ്ങുന്ന വഴി അത് വായിച്ച എനിക്ക് മഞ്ജരേക്കറോട് ദേഷ്യം തോന്നി.
മുംബൈ: മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ കടുത്ത വിമർശനം തന്നെ രോഷാകുലനാക്കിയെന്നും എന്നാൽ ആ വാക്കുകളാണ് തന്‍റെ ക്രിക്കറ്റ് കരിയറിന്‍റെ വഴിത്തിരിവായി മാറിയതെന്നും തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. ജിയോഹോട്ട്സ്റ്റാറിന്‍റെ 'ചീക്കി സിംഗിൾസ്' എന്ന പരിപാടിയിലാണ് അശ്വിൻ ഈ മഞ്ജരേക്കറുമായുള്ള അനുഭവം പങ്കുവെച്ചത്. ആദ്യ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം തന്‍റെ ഫീൽഡിംഗിനെയും ബൗളിംഗ് ആക്ഷനിലെ സ്ഥിരതയില്ലായ്മയെയും വിമർശിച്ചുകൊണ്ട് സഞ്ജയ് മഞ്ജരേക്കർ ഒരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനമാണ് തന്നിൽ വലിയ അമർഷമുണ്ടാക്കിയതെന്ന് അശ്വിൻ പറഞ്ഞു.
ആദ്യ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം സഞ്ജയ് മഞ്ജരേക്കർ എന്നെ വിമർശിച്ച് ഒരു ദീർഘമായ ലേഖനമെഴുതി. നാട്ടിലേക്ക് മടങ്ങുന്ന വഴി അത് വായിച്ച എനിക്ക് മഞ്ജരേക്കറോട് ദേഷ്യം തോന്നി. വർഷങ്ങളോളം ഞാൻ അദ്ദേഹത്തോട് സംസാരിച്ചതുപോലുമില്ല. എന്നാൽ ജന്മനാ വലിയൊരു കായികക്ഷമതയുള്ള അത്‌ലറ്റ് അല്ലാത്തതിനാൽ അടുത്ത നാല് വർഷം ഞാൻ എന്‍റെ ഫിറ്റ്‌നസിലും ബൗളിംഗിലും കഠിനമായി അധ്വാനിച്ചു. 2015-ൽ ഞാൻ നന്നായി പന്ത് എറിയുന്നുവെന്ന് കാണിച്ച് അദ്ദേഹം മറ്റൊരു ലേഖനമെഴുതി. തുടർന്ന് അദ്ദേഹത്തിന്‍റെ നമ്പർ സംഘടിപ്പിച്ച് ഞാൻ മെസ്സേജ് അയച്ചു. 'അന്ന് നിങ്ങൾ എഴുതിയ ലേഖനമാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്'. വിമർശനങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ ഉൾക്കൊള്ളാൻ എപ്പോഴും ശ്രമിക്കണം എന്നാണ് താൻ പഠിച്ചതെന്നും അശ്വിന്‍ പറഞ്ഞു.
2024-ൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ, അനിൽ കുംബ്ലെയ്ക്ക് (619) തൊട്ടുപിന്നിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് പടിയിറങ്ങിയത്.
