ഇംഗ്ലണ്ട്- ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെയാണ് 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെപ്പോലെയാണെന്ന' വിവാദ പരാമര്‍ശം നടത്തിയത്. 

ലണ്ടന്‍: കമന്ററിക്കിടെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയതിന് ദിനേശ് കാര്‍ത്തികിന്റെ ഖേദപ്രകടനം. താരത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഇംഗ്ലണ്ട്- ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെയാണ് 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെപ്പോലെയാണെന്ന' വിവാദ പരാമര്‍ശം നടത്തിയത്. 

''പല ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനെക്കാള്‍ മറ്റ് താരങ്ങളുടെ ബാറ്റ് ഉപയോഗിക്കാനാകും ഇഷ്ടം. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയെപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് തോന്നിപ്പോകും.'' എന്നായിരുന്നു ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ലൈംഗിക ചുവയുള്ള പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദിനേശ് കാര്‍ത്തിക് മാപ്പ് പറഞ്ഞത്. അത്തരമൊരു പരാമര്‍ശം നടത്തിയതില്‍ അമ്മയും ഭാര്യയും തന്നെ കുറ്റപ്പെടുത്തിയെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു.

കമന്ററി ബോക്‌സില്‍ അരങ്ങേറ്റം കുറിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ ഇന്ത്യന്‍താരം വിവാദത്തിലായി. എന്നാല്‍ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിനിടെ കമന്ററ്റി ബോക്‌സില്‍വച്ചു തന്നെ താരം ഖേദപ്രകടനം നടത്തി.

കാര്‍ത്തികിന്റെ വിശദീകരണമിങ്ങനെ.... ''രണ്ടാം ഏകദിനത്തിനിടെ സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ മനസിലുള്ളത് പോലെയല്ല കാര്യങ്ങള്‍ പുറത്തുവന്നത്. പറഞ്ഞത് തെറ്റിപ്പോയി. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പറയാന്‍ പാടില്ലാത്തതാണ് എന്റെ വായില്‍നിന്ന് വന്നത്. ആ പരാമര്‍ശത്തിന്റെ പേരില്‍ ഭാര്യയും അമ്മയും ഉള്‍പ്പെടെ എന്നെ ശാസിച്ചു.'' കാര്‍ത്തിക് പറഞ്ഞു.

അടുത്തകാലത്താണ് കാര്‍ത്തിക് കമന്ററിയിലേക്ക് തിരിഞ്ഞത്. നിലവില്‍ ഐപിഎല്‍ മാത്രാണ് കാര്‍ത്തിക് കളിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പറാണ് കാര്‍ത്തിക്.