ട്വന്‍റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും

മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കോച്ചായി ഗൗതം ഗംഭീർ എത്തുന്നതിനെ അനുകൂലിച്ച് ദിനേഷ് കാർത്തിക്. ഗംഭീറിന്‍റെ വരവ് ഇന്ത്യൻ ടീമിന് ചരിത്ര നേട്ടങ്ങൾ സമ്മാനിക്കുമെന്ന് ഡികെ പറഞ്ഞു.

ട്വന്‍റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും. പകരം ആര് ഇന്ത്യൻ കോച്ചാകുമെന്ന ചർച്ചകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ബിസിസിഐയ്ക്ക് അപേക്ഷ സമർപ്പിച്ചവർ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിനായി വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാൽ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് മുൻ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞത് ഏറെ ചർച്ചകള്‍ക്കിടയാക്കി. ഇപ്പോളിതാ തന്‍റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേഷ് കാർത്തിക്. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി ഗംഭീർ നടപ്പിലാക്കിയ കാര്യങ്ങൾ ഇന്ത്യന്‍ ടീമിലും നടപ്പിലാക്കാനാകും. താന്‍ അതിനായി ആഗ്രഹിക്കുന്നുവെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ഈ സീസണിൽ ആർസിബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ദിനേഷ് കാർത്തിക്. ഐപിഎല്ലിൽ നിന്ന് താരം വിരമിക്കുകയും ചെയ്തു. ട്വന്‍റി 20 ലോകകപ്പിൽ തന്നെ ഉൾപ്പെടുത്തണമെന്ന ആഗ്രഹം തുറന്നുപറഞ്ഞെങ്കിലും കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തയ്യാറായില്ല. 

മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചുവെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഉപദേശകനായി കെകെആറിന്‍റെ മെന്‍ററായി എങ്കിലും പരിശീലകനായി മുന്‍ പരിചയം ഗംഭീറിനില്ല. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തും മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഉപദേശസ്ഥാനം ഗംഭീര്‍ വഹിച്ചിരുന്നു. ക്യാപ്റ്റനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് കിരീടങ്ങള്‍ സമ്മാനിച്ച ഗംഭീര്‍ ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് (2007), ഏകദിന (2011) വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ്. 

Read more: സഞ്ജു സാംസണ്‍ ഇറങ്ങും? ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം ഇന്ന്, സമയവും കാണാനുള്ള വഴികളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം