എല്ലാം കണ്ടറിയണം! രഹാനെ-പൂജാര സഖ്യത്തിന് പകരക്കാരെ കണ്ടെത്തുക പ്രയാസമെന്ന് ദിനേശ് കാര്‍ത്തിക്
ഇന്ത്യ അവസാനം നേടിയ രണ്ട് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലും പൂജാരയുടേയും രഹാനയുടേയും പങ്ക് വലുതായിരുന്നു.
ചെന്നൈ: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 22നാണ് ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തുടക്കമാവുക. 2014ന് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. ഹാട്രിക്ക് പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്ട്രേലിയ തിരിച്ചുവരവിനും ശ്രമത്തിനും. എന്നാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത കനത്ത വെല്ലുവിളിയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറയുന്നത്.
ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറയുന്നത്. കാര്‍ത്തികിന്റെ വാക്കുകള്‍... ''ഇംഗ്ലണ്ടിനെതിരെ നടന്ന നാട്ടില്‍ നടന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും ഗംഭീര പ്രകടനം പുറത്തെടുത്തിരുനനു. ഇരുവരും തീര്‍ച്ചയായും ഓസ്ട്രേലിയയിലേക്കുള്ള പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. അവരുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുമെന്നും എനിക്ക് തോന്നുന്നു. രഹാനെയ്ക്കും പൂജാരയ്ക്കും പകരക്കാരനാകുമോ എന്ന് നോക്കാം.'' കാര്‍ത്തിക് വ്യക്തമാക്കി.
ഇന്ത്യ അവസാനം നേടിയ രണ്ട് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലും പൂജാരയുടേയും രഹാനയുടേയും പങ്ക് വലുതായിരുന്നു. 2018-19ല്‍ പൂജാര 521 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പൂജാര മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിക്കുന്നതില്‍ രഹാനെയുടെ പങ്ക് വലുതായിരുന്നു. അന്ന് സെഞ്ചുറി നേടിയ രഹാനെ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റനും. ഇത്തവണ ആ വിടവ് ആര്് നികത്തുമെന്ന് കണ്ടറിയണം.
എന്നാല്‍ പലരും കാത്തിരിക്കുന്നത് യഷസ്വി ജയ്‌സ്വാളിന്റെ പ്രകടനത്തിന് വേണ്ടിയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍ പറയുകയും ചെയ്തു. ഹെയ്ഡന്റെ വാക്കുകള്‍... ''ജയ്സ്വാള്‍ ഒരു പാക്കേജാണ്. അദ്ദേഹത്തിന്റെ ഷോട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം. ബൗണ്‍സി ട്രാക്കുകളില്‍ അദ്ദേഹം എങ്ങനെ കളിക്കുമെന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഞാന്‍ ഐപിഎല്ലിനിടെ ജയ്സ്വാളിന്റെ ബാറ്റിംഗ് കണ്ടിട്ടുണ്ട്. പന്തുകളെ കഠിനമായി അടിച്ചുവിടുന്ന ബാറ്ററാണ് ജയ്സ്വാള്‍.'' ഹെയ്ഡന്‍ വ്യക്തമാക്കി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോലിയും സ്റ്റീവന്‍ സ്മിത്തും പ്രധാന റോള്‍ കൈകാര്യം ചെയ്യുമെന്നുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഹെയ്ഡന്‍ പറഞ്ഞു.