ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സാവി അപേക്ഷിച്ചെന്ന വാർത്ത വ്യാജമാണെന്ന് എഐഎഫ്എഫ്.
ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയില്‍ നാടകീയ വഴിത്തിരിവ്. സാവിയുടേതെന്ന പേരില്‍ വന്ന ഇ-മെയില്‍ ഒരു 19-കാരനായ ഇന്ത്യന്‍ യുവാവിന്റെ വ്യാജസൃഷ്ടിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതില്‍ വീണുപോയതെന്നുമാണ് വിശദീകരണം. വെള്ളിയാഴ്ചയാണ് ബാഴ്‌സലോണയുടെ മുന്‍ പരിശീലകന്‍ കൂടിയായ സാവി, ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എഐഎഫ്എഫിന് ഇ-മെയില്‍ അയച്ചതായി വാര്‍ത്തകള്‍ വന്നത്.
എഐഎഫ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ ഇത്രയും പണം മുടക്കാന്‍ ആവാത്തതുകൊണ്ട് എഐഎഫ്എഫ് ശ്രമം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ സ്പാനിഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചു. ഇതിന് പിന്നാലെയാണ് സാവിയുടെ പേരില്‍ നിര്‍മ്മിച്ച ഒരു വ്യാജ ഇ-മെയിലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഒരു 19-കാരന്‍ നിര്‍മ്മിച്ച വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്ന് എഐഎഫ്എഫിന് അയച്ച അപേക്ഷയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഫിഫാ റാങ്കിംഗായ 133-ലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് പുതിയ പരിശീലകനായുള്ള തിരച്ചില്‍ നടക്കുന്നത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, സ്റ്റെഫാന്‍ ടാര്‍ക്കോവിച്ച്, ഖാലിദ് ജമീല്‍ എന്നിവരാണ് എഐഎഫ്എഫിന്റെ അന്തിമ ചുരുക്കപ്പട്ടികയിലുള്ളത്. ഇതില്‍, ഖാലിദ് ജമീലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
170 അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത്. ഇതിനിടയില്‍ സംഭവിച്ച ഈ വ്യാജ ഇ-മെയില്‍ വിവാദം, എഐഎഫ്എഫിന്റെ ഔദ്യോഗിക നടപടിക്രമങ്ങളിലെ പിഴവുകളിലേക്കും വിശ്വാസ്യതയിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

