വെടിക്കെട്ട് താരങ്ങളുമായി എത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വാങ്കേഡേയിൽ മുംബൈ മോഹിക്കുന്നത് ജയം മാത്രം.

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഹാർദിക് പണ്ഡ്യ, സൂര്യകുമാർ യാദവ്, തിലക് വർമ്മ. ഇന്ത്യൻ തുടങ്ങി ക്രിക്കറ്റിലെ വമ്പൻ താരങ്ങളെല്ലാം മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിട്ടും സീസണില്‍ ഏഴ് കളിയിൽ അഞ്ചിലും അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ തോറ്റു. ഇനിയൊരു തോല്‍വി കൂടി ഹാർദിക് പണ്ഡ്യക്കും സംഘത്തിനും താങ്ങാനാവില്ല.

വെടിക്കെട്ട് താരങ്ങളുമായി എത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വാങ്കേഡേയിൽ മുംബൈ മോഹിക്കുന്നത് ജയം മാത്രം. മുംബൈ ക്യാമ്പിൽ പ്രതിസന്ധികളേറെ. വിശ്വസ്ത ബൗളർ ജസ്പ്രീത് ബുംറയ്ക്ക് സീസണില്‍ ഇതുവരെ വീഴ്ത്താനായത് രണ്ടുവിക്കറ്റ് മാത്രം. ട്രെന്‍റ് ബോൾട്ട് അടക്കമുളള മറ്റ് ബൗളർമാരുടെ കാര്യവും പരിതാപകരമാണ്. പരിക്കേറ്റ് പുറത്തായ മിച്ചൽ സാന്റ്നറിന് പകരം കേശവ് മഹാരാജോ, വിൽ ജാക്സോ ടീമിലെത്തും. റൺവേട്ടക്കാരും പേരിനൊന്ന മികവിലെത്താതെ വിയർക്കുന്നു.

സൂര്യകുമാർ യാദവിന്റെ പേരിനൊപ്പം 110 റൺസ് മാത്രം. ക്യാപ്റ്റൻ ഹാർദിക് നേടിയത് 97 റൺസും മൂന്ന് വിക്കറ്റും. രോഹിത് ശർമ്മ പരിക്ക് മാറി തിരിച്ചെത്തുന്നത് കരുത്താവും. തുടരെ നാല് കളി ജയിച്ചെത്തുന്ന ആത്മവിശ്വാസത്തിൽ സൺറൈസേഴ്സ്. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച് ക്ലാസൻ എന്നിവരുടെ ബാറ്റിന്‍റെ ചൂടറിയാത്ത ബൗളർമാർ വിരളം. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിൽ ഉറച്ചാൽ മുംബൈ വിയർക്കും. ഓൾറൗണ്ട് മികവുമായി നിതീഷ് കുമാർ റെഡ്ഡി. ക്യാപ്റ്റൻ പാറ്റ് കമിൻസ് തിരിച്ചെത്തിയതോടെ ബൗളിംഗ് യുണിറ്റും ശക്തം. ഇരുടീമും ഏറ്റുമുട്ടിയത് 25 കളിയിൽ. പതിനഞ്ചിൽ മുംബൈയും പത്തിൽ ഹൈദരാബാദും ജയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക