ബംഗളൂരു: വിജയ് ഹസാരെ ട്രോഫില്‍ കേരള താരം സഞ്ജു സാംസണിന് ഇരട്ട സെഞ്ചുറി. ബംഗളൂരുവില്‍ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 129 പന്തുകള്‍ നേരിട്ട സഞ്ജു പുറത്താവാതെ 212 റണ്‍സ് നേടി. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി സഞ്ജു. ഉത്തരാഖണ്ഡിന്‍റെ കാണ്‍ വീര്‍ കൗശല്‍ (202) റെക്കോഡാണ് സഞ്ജു മറികടന്നത്.

ടൂര്‍ണമെന്റ് ചരിത്രത്തിലെ രണ്ടാം ഇരട്ട സെഞ്ചുറി കൂടിയാണിത്. സഞ്ജുവിനെ കൂടാതെ സച്ചിന്‍ ബേബി (127) സെഞ്ചുറി നേടി. ഇരുവരുടെയും കരുത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. 

21 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്. നാലാം ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു ക്രീസിലെത്തിയത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ റണ്ണൗട്ടായതോടെയാണ് സഞ്ജുവിന് അവസരം തെളിഞ്ഞത്. സഞ്ജു- സച്ചിന്‍ സഖ്യം. 338 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

സച്ചിന് പുറമെ ഉത്തപ്പ (10), വിഷ്ണു വിനോദ് (7) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 135 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സ്. മുഹമ്മദ് അസറുദ്ദീന്‍ പുറത്താവാതെ നിന്നു.