ആദ്യ മൂന്ന് പന്ത് നേരിട്ട സൂര്യാൻഷ് ഷെഡ്ജെക്ക് 3 റണ്‍സെ നേടാനായുള്ളു. അവസാന 3 പന്തില്‍ വൈഭവ് ഒരു ബൗണ്ടറിയും 2 റണ്‍സും ഓടിയെടുത്തെങ്കിലും 9 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.
ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ഇന്ത്യ എക്ക് 7 റണ്‍സിന്‍റെ നാടകീയ തോല്‍വി. ഇരു ടീമുകളും 265 റണ്‍സ് വീതമെടുത്ത് ടൈ ആയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്കയും 265 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് ഇന്ത്യൻ നായകന്‍ തിലക് വര്‍മയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇരു ടീമുകളും സൂപ്പര്‍ ഓവര്‍ കളിക്കാന്‍ തയാറാവുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 16 റണ്‍സെടുത്തു. 17 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും സൂര്യാൻഷ് ഷെഡ്ജെയുമാണ് ബാറ്റിംഗിനിറങ്ങിയത്.
ആദ്യ മൂന്ന് പന്ത് നേരിട്ട സൂര്യാൻഷ് ഷെഡ്ജെക്ക് 3 റണ്‍സെ നേടാനായുള്ളു. അവസാന 3 പന്തില്‍ വൈഭവ് ഒരു ബൗണ്ടറിയും 2 റണ്‍സും ഓടിയെടുത്തെങ്കിലും 9 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ ടൈ ആയ മത്സരത്തില്‍ ഇന്ത്യ 7 റണ്‍സിന്‍റെ നാടകീയ തോല്‍വി ചോദിച്ചുവാങ്ങി. നേരത്തെ ബാറ്റിംഗിനിയെ വിപ്രജ് നിഗം പിച്ചിന്‍റെ അപകടമേഖലയില്‍ കൂടി രണ്ട് തവണ ഓടിയതിന് ഇന്ത്യക്ക് അമ്പയര്‍ 10 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നു. ഇതും ഇന്ത്യൻ തോല്‍വിയില്‍ നിര്‍ണായകമായി.
നേരത്തെ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 93 റണ്‍സെടുത്ത സദീര സമരവിക്രമയുടെ ബാറ്റിംഗ് മികവിലാണ് മത്സരം ടൈയിലെത്തിച്ചത്. അര്‍ഷദ് ഖാനെറിഞ്ഞ അവസാന ഓവരില്‍ 5 റണ്‍സായിരുന്നു ശ്രീലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ സമരവിക്രമയെ പുറത്താക്കിയ അര്‍ഷാദ് ഖാന്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അവസാന മൂന്ന് പന്തില്‍ 2 റണ്‍സ് മതിയായിരുന്നെങ്കിലും ശ്രീലങ്കക്ക് ഒരു റണ്‍സെ നേടാന്‍ കഴിഞ്ഞുള്ളു. ഇതോടെയാണ് മത്സരം ടൈയിലെത്തിയത്. ഇതിന് പിന്നാലെയാണ് തിലക് വര്‍മ സൂപ്പര്‍ ഓവറിനായി അഭ്യര്‍ത്ഥിച്ചത്. സൂപ്പര്‍ ഓവറിനിടയിലും നാടകീയതകള്‍ക്ക് കുറവില്ലായിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ശ്രീലങ്കൻ താരം അവിഷ്ക ഫെര്‍ണാണ്ടോ ക്യാച്ച് നല്‍കി പുറത്തായി. ഇതോടെ ഇന്ത്യൻ താരങ്ങള്‍ ഗ്രൗണ്ട് വിട്ടെങ്കിലും ഫുള്‍ടോസായ പന്ത് നോ ബോളായതിനാല്‍ വീണ്ടും ഗ്രൗണ്ടിലിറങ്ങേണ്ടിവന്നു. ഇതിനുശേഷം വെളിച്ചക്കുറവ് മൂലം ബാറ്റ് ചെയ്യാനാവില്ലെന്ന് ഇന്ത്യൻ നായകന്‍ തിലക് വര്‍മ അഭ്യര്‍ത്ഥിച്ചെങ്കിലും ലൈറ്റ് മീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച അമ്പയര്‍ ബാറ്റിംഗിനിറങ്ങാന്‍ ആവശ്യപ്പെട്ടു.
93 റണ്‍സെടുത്ത സമരവിക്രമക്ക് പുറമെ 37 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയും 25 റണ്‍സെടുത്ത വനുജ സഹനും 22 റണ്‍സെടുത്ത അവിഷ്ക ഫെര്‍ണാണ്ടോയും ലങ്കക്കായി പൊരുതി.ഇന്ത്യക്കായി ആയുഷ് ബദോനി 2 വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും മധ്യനിരയില്‍ പൊരുതിയ സൂര്യാൻഷ് ഷെഡ്ജെയുടെയും വിര്പജ് നിഗമിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 49.2 ഓവറിൽ 265 റസെടുത്തത്. 66 പന്തില്‍ 72 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ‍്ജെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. വിപ്രജ് നിഗം 49 പന്തില്‍ 51 റണ്‍സെടുത്തു. 143-7ലേക്ക് കൂപ്പുകുത്തിയശേഷം എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വിപ്രജ് നിഗമും ഷെഡ്ജെയും ചേര്‍ന്നാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. റുതുരാജ് ഗെയ്ക്‌വാദ് 37 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ തിലക് വര്‍മ 23 റണ്‍സും വൈഭവ് സൂര്യവംശി 21 റണ്‍സുമെടുത്ത് പുറത്തായി. ശ്രീലങ്ക എക്കായി മുഹമ്മദ് ഷിറാസും വിജയ്കാന്ത് വിയാസ്കാന്തും 3 വിക്കറ്റ് വീതം വീഴ്ത്തി.
