ലണ്ടന്‍: ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ് ടീമില്‍ ഇരട്ട റോള്‍ നല്‍കണമെന്ന നിര്‍ദേശവുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ആന്‍ഡേഴ്സണ്‍ പന്തെറിയണമെന്നും വിദേശ പരമ്പരകളില്‍ ടീമിന്റെ ബൗളിംഗ് പരിശീലകനാകണമെന്നും വോണ്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

ആന്‍ഡേഴ്സന്റെ ബൗളിംഗ് കണ്ടിരിക്കുന്നത് തന്നെ പ്രത്യേക അനുഭവമാണ്. അദ്ദേഹത്തിനിപ്പോള്‍ 38 വയസായി. കഴിയാവുന്നിടത്തോളം അദ്ദേഹം കളി തുടരണമെന്നാണ് എന്റെ ആഗ്രഹം. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അദ്ദേഹത്തോളം മികച്ചൊരു ബൗളര്‍ ഇപ്പോഴുമില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ടീമിലെ സ്വാഭാവിക ചോയ്സാണ് അദ്ദേഹം.എന്നാല്‍ ഇംഗ്ലണ്ടിന്റെ വിദേശ പരമ്പരകളില്‍ ആന്‍ഡേഴ്സണ്‍ ബൗളിംഗ് പരിശീലകനായിരിക്കുന്നതാണ് ഉചിതം-വോണ്‍ പറഞ്ഞു.

കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ വിരമിക്കുന്നതാണ് കരിയര്‍ മങ്ങിനില്‍ക്കുമ്പോള്‍ വിരമിക്കുന്നതിനെക്കാള്‍ നല്ലതെന്നും വോണ്‍ പറഞ്ഞു. വിരനിക്കുമ്പോള്‍ അയാളില്‍ ഇനിയും ബാക്കിയുണ്ടല്ലോ എന്ന് ആരാധകര്‍ കരുതുന്നുവെങ്കില്‍ അതാണ് നല്ലത്. കാരണം അപ്പോഴാണ് അവര്‍ നിങ്ങളെ ശരിക്കും മിസ് ചെയ്യുക. അതുംകടന്ന് ഒരുപാട് കാലം കളി തുടര്‍ന്നാല്‍ ആളുകള്‍ തന്നെ പറയും അയാളുടെ പ്രതാപകാലം കഴിഞ്ഞിരിക്കും, ഇനി വിരമിക്കുന്നതാണ് നല്ലതെന്ന്-വോണ്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 599 വിക്കറ്റുമായി ചരിത്രനേട്ടത്തിന്റെ വക്കിലാണ് ആന്‍ഡേഴ്സണ്‍. വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന 38കാരനായ ആന്‍ഡേഴ്സണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി 38-ാം വയസിലും ബൗളിംഗി്റെ മുനയും മൂർച്ചയും നഷ്ടമായിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.