ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ റെഡിനെതിരെ ഇന്ത്യ ഗ്രീന്‍ പതറുന്നു. വെളിച്ചക്കുറവ് കാരണം ആദ്യ ദിനം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഗ്രീന്‍ എട്ട് വിക്കറ്റിന് 147 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് വീഴ്‌ത്തിയ ജയദേവ് ഉനദ്‌കട്ടാണ് ഗ്രീനിനെ തകര്‍ത്തത്. മത്സരം നിര്‍ത്തുമ്പോള്‍ മായങ്ക് മര്‍ക്കാണ്ഡെയും(32 റണ്‍സ) തന്‍വീര്‍ ഉള്‍ ഹഖും(8 റണ്‍സ്) ആണ് ക്രീസില്‍. 

മഴ തടസപ്പെടുത്തിയ ആദ്യദിനം ഗ്രീന്‍ ബാറ്റിംഗ് നിരയ്‌ക്കും നിറംമങ്ങിയതായി. ഫൈസ് ഫസല്‍(12), അക്ഷത് റെഡി(16), ധ്രുവ് ഷോരെ(23), സിദാര്‍ത്ഥ് ലാഡ്(0), അക്ഷ്‌ദീപ് നാഥ്(29), അക്ഷയ് വാദ്‌കര്‍(6), ധര്‍മ്മേന്ദ്രസിംഗ് ജഡേജ(15), രാജേഷ് മൊഹന്ദി(0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. സന്ദീപ് വാര്യരും അവേഷ് ഖാനും അദിത്യ സര്‍വാത്തെയും ഓരോ വിക്കറ്റ് നേടി.