Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് വിരമിച്ചു

ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് 30 രാജ്യാന്തര ട്വന്‍റി 20കളിലും 27 ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചു

Dwaine Pretorius announces retirement from international cricket
Author
First Published Jan 9, 2023, 3:20 PM IST

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2016ല്‍ പ്രോട്ടീസ് കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച താരം ദക്ഷിണാഫ്രിക്കയെ മൂന്ന് ഫോര്‍മാറ്റിലും പ്രതിനിധീകരിച്ചിട്ടുണ്ട്. ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് 30 രാജ്യാന്തര ട്വന്‍റി 20കളിലും 27 ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചു. രണ്ട് ലോകകപ്പുകളില്‍ പ്രോട്ടീസിനായി മൈതാനത്തിറങ്ങി. 

'കുറച്ച് ദിവസം മുമ്പ് ക്രിക്കറ്റ് കരിയറിലെ കടുപ്പമേറിയ തീരുമാനങ്ങളില്‍ ഒന്നില്‍ ഞാനെത്തി. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്. പ്രോട്ടീസിനായി കളിക്കുക മാത്രമായിരുന്നു ജീവിതത്തിലെ ഏക ലക്ഷ്യം. അത് എങ്ങനെ സംഭവിക്കും എന്നറിയില്ലായിരുന്നു. എന്നാല്‍ ദൈവം അതിനുള്ള കഴിവും അവസരവും തന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ട്വന്‍റി 20 ക്രിക്കറ്റിലും മറ്റ് ഫോര്‍മാറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആലോചന. ഫ്രീ ഏജന്‍റാണ് എന്നത് മികച്ച പരിമിത ഓവര്‍ താരമായി എന്നെ മാറാന്‍ സഹായിക്കും. ഇപ്പോള്‍ വിരമിക്കുന്നതോടെ പ്രൊഫഷണല്‍ കരിയറും കുടുംബ ജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയും. കരിയറിന്‍റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. കരിയറിലുടനീളം പിന്തുണച്ച മുന്‍ നായകന്‍ ഫാഫ് ഡുപ്ലസിസിന് നന്ദി അറിയിക്കുന്നതായും' ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് തന്‍റെ പ്രസ്‌താവനിയില്‍ പറഞ്ഞു. 

രാജ്യാന്തര ട്വന്‍റി 20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ് ഡ്വെയ്‌ന്‍ പ്രിറ്റോറിയസിന്‍റെ പേരിലാണ്. 2021ല്‍ പാകിസ്ഥാനെതിരെ 17 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇത്. യുഎഇയിലെ ട്വന്‍റി 20 ലോകകപ്പില്‍ ഒന്‍പത് വിക്കറ്റുകള്‍ നേടി. മൂന്ന് ടെസ്റ്റില്‍ 83 റണ്‍സും ഏഴ് വിക്കറ്റും 27 ഏകദിനങ്ങളില്‍ 192 റണ്‍സും 35 വിക്കറ്റും 30 രാജ്യാന്തര ട്വന്‍റി 20കളില്‍ 261 റണ്‍സും 35 വിക്കറ്റും നേടി. ഐപിഎല്ലില്‍ ആറ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 

ഇതിലും ഭേദം മെഡിക്കല്‍ സംഘത്തെ സെലക്ടര്‍മാരാക്കുന്നതാണ്, യോ യോ ടെസ്റ്റിനെതിരെ ഗവാസ്കര്‍

Follow Us:
Download App:
  • android
  • ios