ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. രാത്രി 7.30 മത്സരം ആരംഭിക്കും. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. മൂന്ന് തോല്‍വിയും രണ്ട് സമനിലയും നാല് ജയവുമാണ് അവര്‍ക്കുള്ളത്. എന്നാല്‍ നവാഗതരായ ഈസ്റ്റ് ബംഗാളിന്റെ കാര്യം പരിതാപകരമാണ്. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള അവര്‍ പത്താം സ്ഥാനത്താണ്. ഒരു ജയം മാത്രമാണ് ഇതുവരെ ഈസ്റ്റ് ബംഗാളിന്റെ അക്കൗണ്ടിലുള്ളത്. നാല് തവണ തോറ്റപ്പോള്‍ മൂന്നെണ്ണത്തില്‍ സമനില പിടിച്ചു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാള്‍. സൂപ്പര്‍ അന്തോണി പില്‍കിംഗ്റ്റണ്‍ ഗോള്‍ കണ്ടെത്തിയത് കൊല്‍ക്കത്തന്‍ വമ്പന്മാര്‍ക്ക് കരുത്താകും. കൂടാതെ ജാക്വെസ് മഗോമയും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെയാണ് ഗോവ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഗോവയുടെ ജയം. അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചു. മൗര്‍ത്താദ ഫാള്‍, ബിപിന്‍ സിംഗ്, ബര്‍ത്തളോമ്യൂ ഒഗ്ബച്ചെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ഏകഗോള്‍.