വനിതാ ഐപിഎല്ലിൽ അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയത്തോടെ ആറ് പോയന്‍റുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
ബെംഗലൂരു: വനിതാ ഐപിഎല്ലില്‍ യുപി വാരിയേഴ്സിനെതിരായ മത്സരത്തിനിടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറിയുടെ പടുകൂറ്റൻ സിക്സ് പതിച്ചത് സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന ടാറ്റാ പഞ്ചില്‍. പന്ത് പതിച്ചതോടെ വിന്‍ഡോ ഗ്ലാസ് തവിടുപൊടിയായി. മത്സരത്തില്‍ 37 പന്തില്‍ 58 റണ്‍സെടുത്ത എല്ലിസ് പെറി ബാംഗ്ലൂരിന് പടുകൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സടിച്ചപ്പോള്‍ യു പി വാരിയേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
കാറിന്‍റെ ചില്ല് തകര്‍ന്നതോടെ തനിക്ക് ചെറിയ പേടി തോന്നിയെന്നും ഇന്ത്യയില്‍ തനിക്ക് ഇന്‍ഷൂറന്‍സില്ലെന്നും മത്സരശേഷം എല്ലിസ് പെറി തമാശയായി പറഞ്ഞു. മത്സരത്തില്‍ പെറിക്ക് പുറമെ 50 പന്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ബാംഗ്ലൂരിനായി ബാറ്റിംഗില്‍ തിളങ്ങി. അവസാന ഓവറുകളില്‍ റിച്ച ഘോഷിന്‍റെ തകര്‍പ്പനടികളാണ്(10 പന്തില്‍ 21) ബാംഗ്ലൂരിനെ 198ല്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ ഓപ്പണറും ക്യാപ്റ്റനുമായ അലീസ ഹീലി 38 പന്തില്‍ 55 റണ്‍സെടുത്ത് പൊരുതിയെങ്കിലും മധ്യനിരയില്‍ പിന്തുണക്കാന്‍ ആരുമുണ്ടായില്ല,. വാലറ്റത്ത് പൊരുതിയ ദീപ്തി ശര്‍മയും(22 പന്തില്‍ 33), പൂനം ഖേംമ്നാറും(24 പന്തില്‍ 31) ചേര്‍ന്നാണ് യു പി വാരിയേഴ്സിന്‍റെ തോല്‍വിഭാരം കുറച്ചത്.
അഞ്ച് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ നേടുന്ന മൂന്നാം ജയമാണിത്. ജയത്തോടെ ആറ് പോയന്‍റുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. നാലു കളികളില്‍ ആറ് പോയന്‍റുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാമതും ഇതേ പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് റണ്‍റേറ്റില്‍ ഒന്നാമതുമാണ്.
