പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച അവസ്ഥ. നിരാശയോടെ കളംവിടുന്ന താരങ്ങള്‍ ബാറ്റ് വലിച്ചെറിഞ്ഞൊക്കെ ഡഗൗട്ടില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് സാധാരണമെങ്കില്‍ ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറി ഡഗൗട്ട് വൃത്തിയാക്കിയാണ് ആരാധകരുടെ മനസ്സില്‍ ഇടംനേടുന്നത്.
മുംബൈ: ക്രിക്കറ്റിലും ഫുട്‌ബോളിലും ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി കളിച്ച താരമാണ് എല്ലിസ് പെറി. വനിതാ ട്വന്റി 20യിലെ അതിവേഗ ബൗളിംഗ് പ്രകടനവും എല്ലിസ് പെറിയുടേതാണ്. എന്നാല്‍ ആര്‍സിബി താരം ഇപ്പോള്‍ കൈയ്യടി നേടുന്നത് കളത്തിന് പുറത്തെ പെരുമാറ്റം കൊണ്ടുകൂടിയാണ്. വന്‍താരങ്ങളെ സ്വന്തമാക്കിയെങ്കിലും സീസണില്‍ ആര്‍സിബിക്ക് നിരാശയാണ്. തുടരെ അഞ്ച് തോല്‍വികള്‍ക്ക് ശേഷം ഒരേയൊരു ജയം മാത്രം.
പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച അവസ്ഥ. നിരാശയോടെ കളംവിടുന്ന താരങ്ങള്‍ ബാറ്റ് വലിച്ചെറിഞ്ഞൊക്കെ ഡഗൗട്ടില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് സാധാരണമെങ്കില്‍ ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറി ഡഗൗട്ട് വൃത്തിയാക്കിയാണ് ആരാധകരുടെ മനസ്സില്‍ ഇടംനേടുന്നത്. ഓരോ മത്സരത്തിന് ശേഷവും വെള്ളക്കുപ്പികളും മറ്റും കൃത്യമായി ബിന്നിലേക്ക് നിക്ഷേപിച്ച് ഡഗൗട്ട് വൃത്തിയാക്കിയാണ് താരം റൂമിലേക്ക് പോയത്.
പെറിയുടെ പ്രവര്‍ത്തി കണ്ട് സഹതാരങ്ങളും കൂടെക്കൂടി. സാമൂഹികമാധ്യമങ്ങളില്‍ ആര്‍സിബി താരത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തിയെ പ്രശംസിക്കുകയാണ് ആരാധകര്‍. നേരത്തെ ഓസ്‌ട്രേലിയയുടെ ദേശീയ ഫുട്‌ബോള്‍ ടീമിലും അംഗമായ എല്ലിസ് പെറി പിന്നീട് ക്രിക്കറ്റിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അവസാന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ മണിക്കൂറില്‍ 130.5 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ എല്ലിസ് പെറി റെക്കോര്‍ഡ് ബുക്കിലും ഇടം നേടിയിരുന്നു.
സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റിന്റെ ത്രില്ലര്‍ വിജയമാണ് സ്വന്തമാക്കിയത്. യുപി വാരിയേഴ്സിനെ 135 റണ്‍സില്‍ പുറത്താക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. മധ്യനിര ബാറ്റര്‍ കനിക അഹൂജ 30 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ബൗളിംഗില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റുമായി എലിസ് പെറിയും ബാംഗ്ലൂരിനായി തിളങ്ങി. കനിക പുറത്തായ ശേഷം ആഞ്ഞടിച്ച റിച്ച ഘോഷാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമായി ഫിനിഷ് ചെയ്തത്.
