ഉയര്‍ന്ന ടിക്കറ്റ് നിരക്കാണോ രാവിലെ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ കാണികളുടെ താല്‍പര്യക്കുറവാണോ സ്റ്റേഡിയം ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഗയാന: ഇന്ത്യയിലെ നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ നടന്ന ഐപിഎല്‍ മത്സരങ്ങളുടെ ആവേശത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനിരുന്നാല്‍ ആരാധകര്‍ നിരാശരാവേണ്ടിവരും. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ആതിഥേയരുടെ മത്സരത്തിന് പോലും സ്റ്റേഡിയത്തിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന കാണികള്‍ മാത്രം.
ഇന്നലെ രാത്രി ഗയാനയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ്-പാപുവ ന്യൂ ഗിനിയ മത്സരമാണ് ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തി നടന്നത്. മത്സരം ആവേശകരമായ സമനിലയിലേക്കും പിന്നീട് സൂപ്പര്‍ ഓവറിലേക്കും നീണ്ടെങ്കിലും അതിന് സാക്ഷിയാവാന്‍ സ്റ്റേഡിയത്തില്‍ ആരുമുണ്ടായിരുന്നില്ല. കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് ആരാധകര്‍ എത്താറുണ്ടെങ്കിലും ലോകകപ്പിൽ പക്ഷെ വിന്‍ഡീസുകാര്‍ക്ക് താല്‍പര്യമില്ല.
ഉയര്‍ന്ന ടിക്കറ്റ് നിരക്കാണോ രാവിലെ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ കാണികളുടെ താല്‍പര്യക്കുറവാണോ സ്റ്റേഡിയം ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്ർ ഉപഭൂഖണ്ഡത്തിന് പുറത്ത് ക്രിക്കറ്റ് മരിച്ചുകഴിഞ്ഞുവെന്നായിരുന്നു മറ്റൊരു ആരാധകന്‍ എക്സില്‍ കുറിച്ചത്.
വെസ്റ്റ് ഇന്‍ഡീസിന്‍റെ മത്സരം കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരം കാണാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെ അപേക്ഷിച്ച് അമേരിക്കയിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം കാണാന്‍ പോലും നിരവധി ആരാധകരെത്തിയിരുന്നു.
2007ലെ ഏകദിന ലോകകപ്പിന് വിന്‍ഡീസ് വേദിയായപ്പോഴും കാണികളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഇത്തവണ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമുള്ള സൂപ്പര്‍ 8 പോരാട്ടങ്ങളെല്ലാം വിന്‍ഡീസിലാണ് നടക്കുന്നത്. കളി കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് ആളുകളെത്തിയില്ലെങ്കില്‍ അത് ആരാധകരുടെ ആവേശം തണുപ്പിക്കുമെന്ന ആശങ്കയും ഐ സി സിക്ക് മുന്നിലുണ്ട്.
