മത്സരങ്ങളുടെ എണ്ണത്തില്‍ ഇവരില്‍ ഏറ്റവും വേഗത്തില്‍ ആയിരം ക്ലബിലെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത്താണ്
സതാംപ്‍ടണ്‍: ക്യാപ്റ്റനെന്ന നിലയില്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്‍ താരമായി രോഹിത് ശർമ്മ(Rohit Sharma). ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലെ ആദ്യ ടി20യിലാണ്(ENG vs IND 1st T20I) ഹിറ്റ്മാന്‍റെ നേട്ടം. എം എസ് ധോണിയും വിരാട് കോലിയുമാണ് മുമ്പ് ക്യാപ്റ്റനായിരിക്കേ 1000 രാജ്യാന്തര ടി20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ ഇവരില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് ക്ലബിലെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത്താണ്(29 മത്സരങ്ങള്‍). മുമ്പ് വിരാട് കോലി നാഴികക്കല്ലിലെത്തിയത് 30 മത്സരങ്ങളിലായിരുന്നു.
എന്നാല്‍ ചരിത്രമെഴുതിയ മത്സരത്തില്‍ ഗംഭീര തുടക്കത്തിന് ശേഷം രോഹിത് ശർമ്മ മടങ്ങി. ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ സ്പിന്നർ മൊയീന്‍ അലിയെ തുടർച്ചയായി രണ്ട് ബൗണ്ടറികള്‍ക്ക് പറത്തിയ ശേഷം ഔട്ട്സൈഡ് എഡ്ജായി വിക്കറ്റിന് പിന്നില്‍ ജോസ് ബട്‍ലറുടെ കൈകളിലെത്തുകയായിരുന്നു രോഹിത് ശർമ്മ. 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സാണ് രോഹിത്തിന്‍റെ നേട്ടം. ഈസമയം 29 റണ്‍സാണ് ഇന്ത്യയുടെ സ്കോർ ബോർഡിലുണ്ടായിരുന്നത്.
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനിലില്ല. ഐപിഎല്ലില്‍ തിളങ്ങിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്‍ദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തിരിച്ചെത്തി. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ ദീപക് ഹൂഡ എന്നിവര്‍ അന്തിമ ഇലവനിലെത്തി. സൂര്യകുമാര്‍ യാദവും ദിനേശ് കാര്‍ത്തിക്കും ചേരുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.
ബൗളര്‍മാരില്‍ അര്‍ഷ്ദീപ് അരങ്ങേറ്റം കുറിക്കുമ്പോള്‍ ഉമ്രാന്‍ മാലിക്ക് പുറത്തായി. അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് മറ്റ് ബൗളര്‍മാര്‍.
മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍, കെന്‍റോ മൊമോട്ട പുറത്ത്
