ചാഹലിനോട് കളിക്കാന്‍ നില്‍ക്കല്ലേ, കറക്കിയിടും; ലോര്‍ഡ്‍സിലെ മികവിന് പ്രശംസയുമായി ആരാധകര്‍
10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ നാല് വിക്കറ്റെടുത്തത്, എല്ലാം ഇംഗ്ലീഷ് വമ്പന്‍മാരുടെ വിക്കറ്റുകള്‍.
ലോര്‍ഡ്‍സ്: ആറ് വിക്കറ്റുമായി ആദ്യ ഏകദിനത്തില്‍ ആറാടിയ ജസ്പ്രീത് ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്ലണ്ട് ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. ലോര്‍ഡ്സിലെ( Lord's Cricket Team) രണ്ടാം ഏകദിനത്തില്‍(ENG vs IND 2nd ODI) ഇംഗ്ലണ്ടിന്‍റെ കരുത്തന്‍മാരെ തന്‍റെ സ്പിന്‍ കെണിയില്‍ കുരുക്കുകയായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal). ലോര്‍ഡ്സിലെ പ്രകടനത്തില്‍ ചാഹലിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് ജേസന്‍ റോയിയും ജോണി ബെയ‍്ര്‍സ്റ്റോയും ഇംഗ്ലീഷ് ഇന്നിംഗ്സ് തുടങ്ങിയത്. 41 റണ്‍സ് ചേര്‍ത്ത ഇരുവരുടേയും ഓപ്പണിംഗ് കൂട്ടുകെട്ട് ഒന്‍പതാം ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പിരിച്ചത്. ഇതിന് ശേഷമാണ് ചാഹലിന്‍റെ സ്പിന്‍ കെണി ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ പ്രതീക്ഷകളും കറക്കിവീഴ്ത്തിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ ജോണി ബെയ്ര്‍സ്റ്റോ(38 പന്തില്‍ 38), ജോ റൂട്ട്(21 പന്തില്‍ 11), ബെന്‍ സ്റ്റോക്സ്(23 പന്തില്‍ 21) എന്നിവരെ ചാഹല്‍ തന്‍റെ അഞ്ച് ഓവറിനിടെ പറഞ്ഞയച്ചു. ഇംഗ്ലീഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ മൊയീന്‍ അലിയെ(64 പന്തില്‍ 47) പിന്നാലെ പുറത്താക്കി ചാഹല്‍ നാല് വിക്കറ്റ് തികച്ചു. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ നാല് വിക്കറ്റെടുത്തത്.
പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 247 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് വച്ചുനീട്ടിയിരിക്കുന്നത്. ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സില്‍ പുറത്തായി. മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. 33 റണ്ണെടുത്ത ലിയാം ലിവിംഗ്സ്റ്റണാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നാലില്‍ മടങ്ങി. ഇന്ത്യക്കായി ചാഹലിന്‍റെ നാലിന് പുറമെ ബുമ്രയും ഹാര്‍ദിക്കും രണ്ട് വീതവും പ്രസിദ്ധ് കൃഷ്ണ ഒന്നും വിക്കറ്റ് നേടി.
ചൈനീസ് താരത്തെ അട്ടിമറിച്ച് സൈന സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍