Asianet News MalayalamAsianet News Malayalam

ENG vs IND : ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം; സമയത്തില്‍ അപ്രതീക്ഷിത മാറ്റത്തിന് സാധ്യത

അരമണിക്കൂർ നേരത്തെ മത്സരം തുടങ്ങിയേക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയിലിന്‍റെ റിപ്പോർട്ട്

ENG vs IND 5th Test at Edgbaston match to start earlier than usual timing Report
Author
Edgbaston, First Published Jun 26, 2022, 3:34 PM IST

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ എഡ്‍ജ്ബാസ്റ്റണില്‍ നടക്കേണ്ട ടെസ്റ്റ് മത്സരത്തിന്‍റെ(England vs India 5th Test) സമയത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 1ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരം(Edgbaston Cricket Test) പ്രാദേശിക സമയം 11 മണിക്ക്(ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30) ആരംഭിക്കാനാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോർഡ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അരമണിക്കൂർ നേരത്തെ മത്സരം(ENG v IND) തുടങ്ങിയേക്കും എന്നാണ് ഡെയ്ലി മെയിലിന്‍റെ റിപ്പോർട്ട്. 

ഇതോടെ പ്രാദേശിക സമയം 10.30ന് ആരംഭിച്ച് 5.30ന് മത്സരം അവസാനിക്കും. നിശ്ചിത ഓവറുകള്‍ പൂർത്തിയാക്കാന്‍ ടീമുകള്‍ക്ക് അരമണിക്കൂർ അധികസമയം ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. 

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്. അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ടെസ്റ്റിന് ശേഷം മൂന്ന് വീതം ഏകദിനങ്ങളും ടി20കളും ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്. 

എന്നാല്‍ എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യക്ക് ആശങ്കയായിരിക്കുകയാണ് നായകന്‍ രോഹിത് ശർമ്മയുടെ കൊവിഡ്. ടെസ്റ്റ് തുടങ്ങാന്‍ നാല് ദിവസം മാത്രം അവശേഷിക്കേയാണ് രോഹിത്തിന് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു. ജൂലൈ ഒന്നിന് എഡ്‍ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും മുമ്പ് കൊവിഡ് ഫലം നെഗറ്റീവാകുക രോഹിത്തിന് വലിയ വെല്ലുവിളിയാണ്. സ്ഥിരം ഓപ്പണർ കെ എല്‍ രാഹുല്‍ പരിക്കിനെ തുടർന്ന് നിലവില്‍ ടീമിനൊപ്പവുമില്ല. 

Ranji Trophy Final : രഞ്ജി ട്രോഫിയില്‍ പുതു ചരിത്രം; മുംബൈയെ വീഴ്ത്തി മധ്യപ്രദേശിന് കന്നിക്കിരീടം
 

Follow Us:
Download App:
  • android
  • ios