ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഹ‍ര്‍ഭജന്‍ സിംഗ്,  കപില്‍ ദേവ് എന്നിവരെ അശ്വിന്‍ നേരത്തെ പിന്തള്ളിയിരുന്നു

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യന്‍ സ്പിന്ന‍ര്‍ രവിചന്ദ്ര അശ്വിന്(Ravichandran Ashwin) അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല. രവീന്ദ്ര ജഡേയ്ക്കൊപ്പം(Ravindra Jadeja) രണ്ടാം സ്പിന്നറായി അശ്വിനെ കളിപ്പിക്കുമോ അതോ പേസ് ഓള്‍റൗണ്ടറായ ഷര്‍ദ്ദുല്‍ ഠാക്കൂറിന്(Shardul Thakur) അവസരം നല്‍കുമോ എന്നതാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്. എങ്കിലും കളത്തിലിറങ്ങിയാല്‍ മൂന്ന് റെക്കോര്‍ഡുകളാണ് അശ്വിനെ കാത്തിരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്ക് എട്ട് വിക്കറ്റിന്‍റെ അകലമാണ് അശ്വിനുള്ളത്. ബിഎസ് ചന്ദ്രശേഖറിന്‍റെ 95 വിക്കറ്റുകളുടെ നേട്ടമാണ് അശ്വിന് ഇതിനായി മറികടക്കേണ്ടത്. 69 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 3000 റണ്‍സും 100 വിക്കറ്റും നേടുന്ന മൂന്നാമത്തെ മാത്രം പുരുഷ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലും അശ്വിനെത്തും. 450 ടെസ്റ്റ് വിക്കറ്റുകളുടെ നേട്ടത്തില്‍ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയാവാന്‍ കൂടി തയ്യാറെടുക്കുകയാണ് അശ്വിന്‍. ഇതിനായി എട്ട് വിക്കറ്റുകളാണ് അശ്വിന്‍ വീഴ്‌ത്തേണ്ടത്. 

ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഹ‍ര്‍ഭജന്‍ സിംഗ്(417), കപില്‍ ദേവ്(434) എന്നിവരെ അശ്വിന്‍ നേരത്തെ പിന്തള്ളിയിരുന്നു. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ആകെ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്‍. 442 വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. 

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി തുടങ്ങുക. കൊവിഡ് ബാധിതനായ രോഹിത് ശ‍ര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത്. ഇതിഹാസ താരം കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റില്‍ നയിച്ച പേസര്‍. 1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.

ENG vs IND : ഇംഗ്ലീഷ് പരീക്ഷ ജയിക്കാന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റ് ഇന്നുമുതല്‍, ജയിച്ചാല്‍ ചരിത്രം