എതിരാളികളുടെ തട്ടകത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന ന്യൂസിലന്‍ഡിന് വലിയ സ്കോറിലെത്താനായില്ല

റിവര്‍സൈഡ് ഗ്രൗണ്ട്: ന്യൂസിലന്‍ഡിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് ദയനീയ തോല്‍വിയോടെ തുടക്കം. ആദ്യ ട്വന്‍റി 20യില്‍ ഇംഗ്ലണ്ട് 7 വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത കിവികളെ ഇംഗ്ലീഷ് ബൗളര്‍മാര്‍ 20 ഓവറില്‍ 139-9 എന്ന സ്കോറില്‍ ഒതുക്കിയപ്പോള്‍ മറുപടിയായി ഇംഗ്ലണ്ട് വെറും 14 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടപ്പെടുത്തി 143 റണ്‍സിലെത്തി. അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ ഇംഗ്ലണ്ടിന്‍റെ ബ്രൈഡന്‍ കാര്‍സാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. 

എതിരാളികളുടെ തട്ടകത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന ന്യൂസിലന്‍ഡിന് വലിയ സ്കോറിലെത്താനായില്ല. 38 പന്തില്‍ 41 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് കിവികളുടെ ടോപ് സ്കോറര്‍. 23 റണ്‍സിന് മൂന്ന് വിക്കറ്റുമായി ബ്രൈഡന്‍ കാര്‍സും 37 റണ്‍സിന് മൂന്നാളെ പുറത്താക്കി ലൂക്ക് വുഡുമാണ് ന്യൂസിലന്‍ഡിനെ തളച്ചത്. ആദില്‍ റഷീദ്, മൊയീന്‍ അലി, ലയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഫിന്‍ അലന്‍(21), മാര്‍ക് ചാപ്‌മാന്‍(11), ആദം മില്‍നെ(10), ഇഷ് സോധി(16) എന്നിവരും കൂടി മാത്രമേ രണ്ടക്കം കണ്ടുള്ളൂ. വാലറ്റം കൂടിയില്ലായിരുന്നേല്‍ ഇതിലും മോശമായിരുന്നേനേ ന്യൂസിലന്‍ഡിന്‍റെ അവസ്ഥ.

ഇംഗ്ലണ്ടിന്‍റെ മറുപടി ബാറ്റിംഗില്‍ ജോണ് ബെയ്‌ര്‍സ്റ്റോ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ 4 റണ്‍സുമായി മടങ്ങിയിരുന്നു. എന്നാല്‍ വില്‍ ജാക്‌സ്(12 പന്തില്‍ 22), ഡേവിഡ് മലാന്‍(42 പന്തില്‍ 54), ഹാരി ബ്രൂക്ക്(27 പന്തില്‍ 43*), ലയാം ലിവിംഗ്‌സ്റ്റണ്‍(4 പന്തില്‍ 10*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് ഇംഗ്ലണ്ടിന് 14 ഓവറില്‍ ജയമൊരുക്കി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്ക് ക്രീസിലെത്തേണ്ട ആവശ്യം പോലും വന്നില്ല. ന്യൂസിലന്‍ഡിനായി നായകന്‍ ടിം സൗത്തിയും പേസര്‍ ലോക്കി ഫെര്‍ഗ്യൂസനും സ്‌പിന്നര്‍ ഇഷ് സോധിയും ഓരോ വിക്കറ്റ് നേടി. 

Read more: ദക്ഷിണാഫ്രിക്ക പപ്പടമായി; ആദ്യ ട്വന്‍റി 20യില്‍ 111 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി ഓസ്ട്രേലിയ, മാര്‍ഷ് താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം